Blog

കാലാവസ്ഥാവ്യതിയാനം: ആത്മഹത്യാപരമായ നിഷ്‌ക്രിയത്വം

(മാതൃഭൂമി ഓൺലൈനിൽ 2016 ഏപ്രിലിൽ പ്രസിദ്ധീകരിച്ച ലേഖനം)

ഇന്നു ജനങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമെന്താണു്? മാധ്യമങ്ങളില്‍ നോക്കിയാല്‍ അതു വരാനിരിക്കുന്ന തെരഞ്ഞെടുപ്പാണെന്നേ തോന്നൂ. ചിലപ്പോള്‍ അതുപോലുമല്ല. ചില രാഷ്ട്രീയക്കാരുടെയും പിന്നെ ചില സ്വാര്‍ത്ഥതാല്പര്യക്കാരുടെയും വ്യക്തിജീവിതവും അവരുടെ കിടപ്പറരഹസ്യങ്ങളുമാണു് ഇന്നു് ജനം ഏറ്റവുമധികം ശ്രദ്ധിക്കേണ്ടതും ചര്‍ച്ചചെയ്യേണ്ടതും എന്നാണു് ചില മാധ്യമങ്ങളെങ്കിലും കരുതുന്നതു്. പിന്നെയെന്താണു് ഇന്നു കേരളത്തിലെയിലെയും ഇന്ത്യയിലെയും ജനങ്ങളെ അലട്ടുന്ന ഏറ്റവും വലിയ പ്രശ്നം?

മാധ്യമങ്ങളെല്ലാം മാറ്റിവച്ചിട്ടു് ചിന്തിച്ചു നോക്കൂ. ഏറ്റവും കൂടുതലായി നാമെല്ലാം സംസാരിക്കുന്നതു് എന്തിനെപ്പറ്റിയാണു്? സഹിക്കാവുന്നതിലപ്പുറമായ ചൂടു്, അല്ലേ? എല്ലാ വര്‍ഷവും ചിലരെങ്കിലും പരാതിപ്പെടാറുണ്ടു് ചൂടിനെപ്പറ്റി. ചിലപ്പോള്‍ നിര്‍ത്താതെ പെയ്യുന്ന മഴയെപ്പറ്റിയും. പക്ഷെ ഈവര്‍ഷം ചൂടിന്റെ കാര്യത്തിലെങ്കിലും അഭിപ്രായവ്യത്യാസമുണ്ടാവുമെന്നു തോന്നുന്നില്ല. പാമരനും പണ്ഡിതനും തൊഴിലാളിയും മുതലാളിയും ഒരുപോലെ പരാതിപ്പെടുന്ന കാര്യമാണു് ഈവര്‍ഷത്തെ ഉഷ്ണം. ഇതെന്താണിങ്ങനെയൊരു ഉഷ്ണം? കാലാവസ്ഥാവ്യതിയാനം എന്ന കാര്യത്തെപ്പറ്റി കേള്‍ക്കാത്തവര്‍ ഇന്നു കേരളത്തിലെങ്കിലും അപൂര്‍വ്വമാണു്. എന്താണു് കാലാവസ്ഥാവ്യതിയാനം? അതിനു നാമെന്തു ചെയ്യണം? എന്തു ചെയ്തു? ഇക്കാര്യങ്ങള്‍ നമുക്കു പരിശോധിക്കാം.

ഇന്നു ലോകത്താകമാനം ചര്‍ച്ചചെയ്യപ്പെടുന്ന ഒരു വിഷയമാണു് കാലാവസ്ഥാവ്യതിയാനം. മനുഷ്യരുടെ പ്രവൃത്തിയുടെ ഫലമായുണ്ടാകുന്ന കാലാവസ്ഥാമാറ്റങ്ങളാണു് ആ വാക്കുകൊണ്ടു് പ്രധാനമായി ഉദ്ദേശിക്കുന്നതു്. പെട്രോളിയം കത്തിക്കുകയും കാടുവെട്ടിത്തെളിക്കുകയും മറ്റും ചെയ്യുന്നതിലൂടെ അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡയോക്സൈഡിന്റെ അളവു് വര്‍ദ്ധിക്കുന്നു. ഇതു്, ഒരു കമ്പിളിപ്പുതപ്പുപോലെ, ചൂടു് പുറത്തേക്കു് പോകുന്നതു് തടയുന്നു. അങ്ങനെ അന്തരീക്ഷത്തിന്റെ താപനില വര്‍ദ്ധിക്കുന്നു. ഇതിനു ഭൗമതാപനം എന്നു പറയുന്നു. കാര്‍ബണ്‍ ഡയോക്സൈഡ് കൂടാതെ നീരാവി, മീഥെയ്‌ന്‍, ഓസോണ്‍ തുടങ്ങിയ, ഹരിതഗൃഹവാതകങ്ങള്‍ എന്നറിയപ്പെടുന്ന ചില വാതകങ്ങള്‍ക്കും ഈ സ്വഭാവമുണ്ടു്. ഇക്കൂട്ടത്തില്‍ ഭൗമതാപനത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ടതു് കാര്‍ബണ്‍ ഡയോക്സൈഡാണു്. ഭൂമിയിലെല്ലായിടത്തും ജീവനാവശ്യമായ ചൂടു് നിലനിര്‍ത്തണമെങ്കില്‍ ഈ വാതകങ്ങള്‍ ആവശ്യവുമാണു്. എന്നാല്‍ , “അധികമായാല്‍ അമൃതും വിഷം” എന്നു പറയാറുള്ളതുപോലെ, ഹരിതഗൃഹവാതകങ്ങളുടെ അളവു് അധികമായാല്‍ അന്തരീക്ഷത്തിന്റെ ചൂടും കൂടും. ഇതാണു് കാലാവസ്ഥാവ്യതിയാനത്തിലേക്കു് നയിക്കുന്നതു്.

ഭൗമതാപനം സംഭവിക്കുന്നതു് സാവധാനത്തിലാണു്. പക്ഷെ, ഭൂമിയുടെ ശരാശരി താപനില വര്‍ദ്ധിക്കുന്നതു് കൂടുതല്‍ വേഗത്തിലായിക്കൊണ്ടിരിക്കയാണെന്നു് പഠനങ്ങള്‍ സൂചിപ്പിക്കുന്നുണ്ടു്. അന്തരീക്ഷത്തിന്റെ താപനില വര്‍ദ്ധിക്കുന്നതു് മറ്റു പലതിനെയും ബാധിക്കുന്നുണ്ടു് എന്നു് വ്യക്തമായിട്ടുണ്ടു്. അവയില്‍ പ്രധാനപ്പെട്ട ചിലവയാണു് കടല്‍നിരപ്പുയരുക, ആകെ ലഭിക്കുന്ന മഴയുടെ അളവു് കുറയുക, ശക്തമായ മഴയും കഠിനമായ വരള്‍ച്ചയും കൂടുതലുണ്ടാകുക, സമുദ്രജലത്തിന്റെ അമ്ലത കൂടുക, തുടങ്ങിയവ. കാലാവസ്ഥാവ്യതിയാനത്തേപ്പറ്റി പഠിക്കാന്‍ നിയോഗിച്ച അന്തര്‍സര്‍ക്കാര്‍ സമിതിയുടെ (Intergovernmental Panel on Climate Change, IPCC) 2007ല്‍ പ്രസിദ്ധീകരിച്ച നാലാമത്തെ റിപ്പോര്‍ട്ടിലാണു് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയതു്.

ഇവ ലോകത്തിലെല്ലാവരെയും ബാധിക്കുന്നതാണു്. അതിനു പരിഹാരം കാണാനായാണു് ഐക്യരാഷ്ട്രസഭ ഭൗമ ഉച്ചകോടിയും ക്യോട്ടോ സമ്മേളനവും അങ്ങനെ പല സമ്മേളനങ്ങളും വിളിച്ചുചേര്‍ത്തതു്. ഈ പരമ്പരയിലെ ഒടുവിലത്തേതാണു് കഴിഞ്ഞ (2015) നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍ പാരീസില്‍ നടന്നതു്. കാലാവസ്ഥാവ്യതിയാനം ഭയാനകമായ യാഥാര്‍ത്ഥ്യമാണെന്നും അതിനെ നിയന്ത്രിക്കാനായി ശക്തമായ നടപടികള്‍ ആവശ്യമാണെന്നും ലോകത്തിലെ പ്രമുഖ രാജ്യങ്ങള്‍ ആ സമ്മേളനത്തില്‍വച്ചു തീരുമാനിച്ചു എന്നതുതന്നെ അതിന്റെ നേട്ടമായി കരുതപ്പെടുന്നു. എന്നാല്‍ ലോകത്തിന്റെ പല ഭാഗങ്ങളിലും ഉണ്ടാകാന്‍ സാധ്യതയുള്ള വന്‍ അപകടങ്ങള്‍ ഒഴിവാക്കനാവശ്യമായ നടപടികളേപ്പറ്റി സമ്മേളനത്തില്‍ തീരുമാനമുണ്ടായില്ല എന്ന പരാതി നിലനില്‍ക്കുന്നു.

കാലാവസ്ഥാവ്യതിയാനം ഒരു ആഗോളപ്രശ്നമാണു്. അതിന്റെ പരിഹാരം ആഗോളമായിത്തന്നെ ചെയ്യേണ്ടതുമാണു്. എന്നാല്‍ അക്കാരണം പറഞ്ഞു നാമെല്ലാം നിഷ്‌ക്രിയരായാല്‍ അതുണ്ടാക്കാന്‍പോകുന്ന ദുരന്തങ്ങള്‍ അനുഭവിക്കേണ്ടതും നാംതന്നെയാണെന്നു മറന്നുകൂട. ഈ വര്‍ഷത്തെ ചൂടു് അസഹനീയമാണെങ്കില്‍ ഇനി വരാനിരിക്കുന്ന വര്‍ഷങ്ങളിലെ ചൂടു് ഇതിനേക്കാള്‍ വളരെയധികമാണെന്നു് ഓര്‍മ്മിക്കണം. കഴിഞ്ഞ ഒരു ദശാബ്ദത്തിലധികമായി ആഗോളമായ ശരാശരി താപനില എല്ലാക്കാലത്തെയും ഏറ്റവും ഉയര്‍ന്നതാണെന്നു് കാലാവസ്ഥാശാസ്ത്രജ്ഞര്‍ കണക്കാക്കുന്നു. അതായതു്, ഓരോ വര്‍ഷവും അതു് പുതിയ റെക്കാഡ് സ്ഥാപിക്കുകയാണു്. അതുകൊണ്ടു് ഈ വര്‍ഷത്തെ ചൂടിനെക്കാള്‍ അധികമാകും അടുത്തവര്‍ഷത്തേതു്. അതിലുമധികമാകും അതിനടുത്ത വര്‍ഷത്തെ താപനില. ഈ വര്‍ധനവു് ഈയിടെയെങ്ങും തുടങ്ങിയതല്ല. ഈയടുത്ത കാലത്തൊന്നും നില്‍ക്കാനും പോകുന്നില്ല. വിശേഷിച്ചു് നാം നമ്മുടെ ജീവിതരീതിയില്‍ മാറ്റമൊന്നുമില്ലാതെ തുടരുമ്പോള്‍ നമുക്കു് ജീവിതംതന്നെ അസഹ്യമായിത്തീരാന്‍ പോകുകയാണു്.

മനുഷ്യരില്‍ ചിലര്‍ക്കെങ്കിലും ശീതീകരണി ഉപയോഗിച്ചോ മറ്റു സ്ഥലങ്ങളിലേക്കു താമസം മാറ്റിയോ ഒക്കെ കഴിഞ്ഞുകൂടാനായെന്നു വരാം. എന്നാല്‍ അതു് എല്ലാവര്‍ക്കും സാധ്യമാകില്ല. മൃഗങ്ങളുടെയും സസ്യങ്ങളുടെയും സ്ഥിതി അതിലും കഷ്ടമാണു്. അവയ്ക്കും ജീവിതം അസഹ്യമായി തുടങ്ങിയിരിക്കുന്നു എന്നതിനു തെളിവുകളുണ്ടു്. ചിലയിനം മത്സ്യങ്ങള്‍ ഉഷ്ണം കുറഞ്ഞ പ്രദേശങ്ങളിലേക്കു കൂട്ടത്തോടെ പലായനം ചെയ്തിരിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടു്. അതുപോലെ പര്‍വ്വതപ്രദേശങ്ങളില്‍ വളരുന്ന ചില ചെടികള്‍ കൂടുതല്‍ ഉയര്‍ന്ന പ്രദേശത്തേക്കു മാറിയതായും റിപ്പോര്‍ട്ടുകളുണ്ടു്. 1956നും 2005നുമിടയ്ക്കു് ആഗോള ശരാശരി താപനില ഓരോ പത്തുവര്‍‍ഷവും ഏതാണ്ടു് 0.13 ഡിഗ്രി വര്‍ദ്ധിക്കുന്നതായാണു് IPCC അവരുടെ നാലാമത്തെ റിപ്പോര്‍ട്ടില്‍ കണ്ടെത്തിയതു്. ഇതു് വളരെ ചെറുതായി തോന്നാം. പക്ഷെ, ഒരു മനുഷ്യായുസ്സുകൊണ്ടു് അന്തരീക്ഷം എത്ര ചൂടാകും എന്നു് ആലോചിച്ചു നോക്കൂ! 1995-2006 കാലഘട്ടത്തിലെ പതിനൊന്നു വര്‍ഷവും താപനില പുതിയ റെക്കോഡ് സ്ഥാപിക്കുകയായിരുന്നു. അതായതു്, ഉപകരണങ്ങളുപയോഗിച്ചു് താപനില അളക്കാന്‍ തുടങ്ങിയശേഷം ഇത്രയും ചൂടു് ഉണ്ടായിട്ടില്ല എന്നര്‍ത്ഥം. ഓരോ വര്‍ഷവും കഴിഞ്ഞ വര്‍ഷത്തെക്കാള്‍ കൂടുതല്‍ ചൂടാണു് കാണിക്കുന്നതു്. 1906 മുതല്‍ 2005 വരെയുള്ള നൂറു വര്‍ഷത്തില്‍ താപനില കൂടിയതിന്റെ ഇരട്ടി വേഗത്തിലാണു് 1956 മുതല്‍ 2005 വരെയുള്ള അമ്പതു വര്‍ഷക്കാലത്തു വര്‍ദ്ധിച്ചതു്.
കഴിഞ്ഞ ഒരു നൂറ്റാണ്ടിനുള്ളില്‍ ശരാശരി കടല്‍നിരപ്പു് ഒരു മീറ്ററോളം ഉയര്‍ന്നിട്ടുണ്ടു്. ഇതിനു രണ്ടു കാരണങ്ങളുണ്ടു്. ഒന്നു്, കൂടിയ ചൂടില്‍ നൂറ്റാണ്ടുകളായി കട്ടപിടിച്ച മഞ്ഞായി കിടന്നിരുന്ന ജലം ഉരുകി കടലിലേക്കു് ഒഴുകിയതു്; രണ്ടു്, ചൂടു കൂടിയതിനാല്‍ ജലത്തിന്റെ വ്യാപ്തം വര്‍ദ്ധിച്ചതു്.

ഇനി ആഗോളതാപനം കേരളത്തെ എങ്ങിനെയെല്ലാം ബാധിക്കാം, അതിനെ നേരിടാനായി നമുക്കെന്തെല്ലാം മുന്‍കൂട്ടി ചെയ്യാനാവും എന്നു പരിശോധിക്കാം. ചൂടുകൂടുന്നതു് എല്ലാ ജീവജാലങ്ങള്‍ക്കും ജീവിതം അസഹനീയമാക്കും എന്നു വ്യക്തമാണല്ലോ. ഇതു് പലവിധത്തില്‍ നമ്മെ ബാധിക്കാം. ഒന്നാമതായി നമുക്കുതന്നെ ചൂടിനെ നേരിടാന്‍ കഴിയാതാവുകയാണു്. അതിനു ജലസ്രോതസ്സുകള്‍, ജലാശയങ്ങള്‍, വൃക്ഷലതാദികള്‍ തുടങ്ങിയവ സംരക്ഷിക്കുന്നതു് സഹായിക്കും. എന്നാല്‍ നാമിന്നു ചെയ്യുന്നതു് അതിനു നേരെ വിപരീതമായ പ്രവൃത്തികളാണു്. മരങ്ങള്‍ എന്തെങ്കിലും കാരണം പറഞ്ഞു മുറിച്ചുമാറ്റാന്‍ എന്തു താല്പര്യമാണു് നമുക്കു്! പ്രായമായ മരങ്ങള്‍ മറിഞ്ഞുവീഴുന്നു, ശിഖരങ്ങള്‍ ഒടിഞ്ഞുവീണു് ആളപായമുണ്ടാകുന്നു, തുടങ്ങിയ ന്യായീകരണങ്ങള്‍ നാം കണ്ടെത്തുന്നുണ്ടു്. എന്നാല്‍ അവയെ മുറിച്ചു മാറ്റാതെ സംരക്ഷിക്കാന്‍ മാര്‍ഗമുണ്ടോ എന്നു നാം ചിന്തിച്ചോ? പ്രായമായ മരങ്ങള്‍ക്കു് താങ്ങു കൊടുത്തും വലിയ ശിഖരങ്ങള്‍ക്കു് പ്രത്യേകം താങ്ങു നല്‍കിയും സംരക്ഷിക്കാവുന്നതേയുള്ളൂ. അതുപോലെ, റോ‍ഡിനു വീതികൂട്ടണം എന്നതാണു് സാധാരണ കേള്‍ക്കുന്ന മറ്റൊരു ന്യായം. വികസനം എല്ലാവര്‍ക്കും വേണമല്ലോ! എങ്കില്‍ എന്തുകൊണ്ടു് വശത്തു നില്‍ക്കുന്ന മരങ്ങള്‍ മറ്റൊരു സ്ഥലത്തേക്കു് മാറ്റി സ്ഥാപിച്ചുകൂട? അതു സാധ്യമാണുതാനും. അല്ലെങ്കില്‍ ഒരു മരം മുറിക്കുമ്പോള്‍ എന്തുകൊണ്ടു് പുതിയതായി രണ്ടെണ്ണം നട്ടുവളര്‍ത്തിക്കൂട? നമ്മള്‍ അതേപ്പറ്റി ചിന്തിച്ചില്ല എന്നു മാത്രം. എന്നാല്‍ മുറച്ചുകഴിയുമ്പോള്‍ കുറച്ചുപേര്‍ക്കു് കുറേ ലാഭവുമുണ്ടാക്കാം എന്ന ന്യായമുണ്ടു്. മുറിച്ചു മാറ്റുന്നതിനു പകരം മരങ്ങളെ സംരക്ഷിക്കുന്നതും ഒരു ബിസിനസ്സാക്കിയാല്‍ അവര്‍ക്കും സന്തോഷമാവില്ലേ? അപ്പോള്‍ പ്രശ്നം അവിടെയല്ല. നാം ഇക്കാര്യത്തേപ്പറ്റി ചിന്തിച്ചേയില്ല എന്നതാണു് പ്രശ്നം. ഇങ്ങനെ തുടര്‍ന്നാല്‍ നമ്മുടെ മക്കള്‍ക്കു് ഈ നാട്ടില്‍ ജീവിക്കാനാവാത്ത സാഹചര്യമാണു വരുക എന്നു മനസ്സിലാക്കിയാലെങ്കിലും നാം എന്തെങ്കിലും പ്രവര്‍ത്തിച്ചു തുടങ്ങുമോ? പരിസ്ഥിതി സംരക്ഷിക്കുന്നതിനേപ്പറ്റി പറയുന്നവരെ വികസനവിരുദ്ധര്‍ എന്നു മുദ്രകുത്തി അധിക്ഷേപിക്കുകയായിരുന്നു പതിവു്. ഇപ്പോഴത്തെ അസഹനീയമായ ചൂടു കണ്ടിട്ടെങ്കിലും പരിസ്ഥിതി സംരക്ഷിക്കുന്നതിന്റെ പ്രാധാന്യം എല്ലാവരും മനസ്സിലാക്കിയെങ്കില്‍! ഇല്ലെങ്കില്‍ ജീവിതം അസാധ്യമായതിനുശേഷം നിസ്സഹായരായി മരിച്ചുവീഴാനേ കഴിയൂ. ഒരുപക്ഷെ “പ്രബുദ്ധരായ” കേരളീയരുടെ അന്ത്യം അങ്ങനെയാവാനായിരിക്കാം വിധി!

കേരളസമൂഹം എന്തെല്ലാം ചെയ്യണം കാലാവസ്ഥാവ്യതിയാനത്തെ നേരിടാന്‍? ചൂടു കൂടുമ്പോള്‍ കടല്‍നിരപ്പു് ഉയരും എന്നതിനു തര്‍ക്കമില്ല. പാരിസിലെ സമ്മേളനം തീരുമാനിച്ച നടപടികള്‍ കൈക്കൊള്ളുകയും അവ വേഗത്തില്‍ത്തന്നെ ആഗോളതലത്തില്‍ നടപ്പിലാക്കുകയും ചെയ്താലും വ്യാവസായികവിപ്ലവത്തിനു മുമ്പുണ്ടായിരുന്നതിനേക്കാള്‍ രണ്ടു ഡിഗ്രി സെല്‍ഷ്യസ് വര്‍ധനവില്‍ ഒതുക്കാനാവും എന്നാണു് പ്രതീക്ഷ. അതു് സാധ്യമായാല്‍ത്തന്നെ കടല്‍നിരപ്പു് കാര്യമായി ഉയരും. ആഗോള താപനില രണ്ടു ഡിഗ്രി ഉയര്‍ന്നാല്‍ കടല്‍നിരപ്പു് പത്തു മീറ്റര്‍ ഉയരാമെന്നാണു് കണക്കാക്കിയിരിക്കുന്നതു്. പല ദ്വീപുകളും കടലിന്നടിയിലാവും. ആലോചിച്ചുനോക്കൂ, കേരളത്തിലെ പല സ്ഥലങ്ങളും കടല്‍നിരപ്പില്‍നിന്നു് ഏതാനും മീറ്റര്‍ മാത്രമാണു് ഉയര്‍ന്നിരിക്കുന്നതു്. ആലപ്പുഴ നഗരത്തിന്റെ ശരാശരി ഉയരം ഒന്നോ ഒന്നരയോ മീറ്ററാണു്. കടല്‍നിരപ്പു് പത്തു മീറ്റര്‍ ഉയര്‍ന്നാല്‍ എന്തു സംഭവിക്കുമെന്നു് സങ്കല്പിക്കാവുന്നതേയുള്ളൂ. അതിനേക്കാള്‍ കഷ്ടമെന്തെന്നാല്‍ കടല്‍നിരപ്പു് ഒന്നോ രണ്ടോ മീറ്റര്‍ ഉയര്‍ന്നാല്‍ കടല്‍ എവിടെവരെ കയറുമെന്നുപോലും നമുക്കു് ഇപ്പോഴും അറിയില്ല എന്നതാണു്!

ചൂടുകൂടുമ്പോള്‍ കാര്‍ഷികവിളകളുടെ ഉല്പാദനക്ഷമത കുറയുമെന്നതാണു് മറ്റൊരു പ്രശ്നം. ഇപ്പോള്‍ത്തന്നെ തമിഴ്‌നാട്ടില്‍നിന്നും ആന്ധ്രയില്‍നിന്നും മറ്റും അരി കൊണ്ടുവരുന്ന നാം അതിനും വടക്കുള്ള പഞ്ചാബില്‍നിന്നോ (അതോ സൈബീരിയയില്‍നിന്നോ?) ഒക്കെ വാങ്ങേണ്ടി വരും. ചൂടിനെ ചെറുക്കാനാകുന്ന നെല്ലിനങ്ങള്‍ നാം വികസിപ്പിക്കേണ്ടിയിരുന്നു. അതും പോര. കാരണം നെല്ലിനെ മാത്രമല്ലല്ലോ ചൂടു ബാധിക്കുക! നമ്മുടെ സാമ്പത്തികസ്ഥിതിയെ പിടിച്ചുനിര്‍ത്തുന്ന റബ്ബര്‍, തേയില, കുരുമുളകു്, തുടങ്ങിയ വിളകളുടെ കാര്യത്തില്‍ നാം എന്താണു് ചെയ്യാന്‍ പോകുന്നതു്? അതുപോലെ രോഗങ്ങളുടെ കാര്യത്തിലും കാര്യമായ ആഘാതമാണു് പ്രതീക്ഷിക്കുന്നതു്. ഇങ്ങനെ എല്ലാ രംഗങ്ങളിലും വലിയ വെല്ലുവിളികള്‍ നേരിടുമ്പോഴും നാമെല്ലാം നാടിനും മനുഷ്യനും ഹാനികരമായ പ്രവര്‍ത്തനങ്ങള്‍ തുടരുകയും ആഗോളതാപനത്തേപ്പറ്റി മറന്നിട്ടു് തെരഞ്ഞെടുപ്പിന്റെ ചൂടില്‍ വൃത്തികെട്ട എന്തെല്ലാമോ കഥകളും ചമച്ചു് കഥയില്ലാത്ത കഥകളും പറഞ്ഞുകൊണ്ടു കഴിയുന്നതു് പ്രബുദ്ധരെന്നു സ്വയം പാടിപ്പുകഴ്ത്തുന്ന നമുക്കു് യോജിച്ചതല്ല. അതു നമ്മെ നാശത്തിലേക്കാണു് കൊണ്ടുപോകുന്നതു്.

Advertisements

കാലാവസ്ഥാവ്യതിയാനവും നമ്മളും

(തേജസ് പത്രത്തിൽ 2009 മാർച്ച് 19നു പ്രസിദ്ധീകരിച്ച ലേഖനം.)

ഇന്നു് ലോകത്താകമാനം ചര്‍ച്ചചെയ്യപ്പെടുന്ന ഒരു വിഷയമാണല്ലോ കാലാവസ്ഥാവ്യതിയാനം. മനുഷ്യരുടെ പ്രവൃത്തികളുടെ ഫലമായുണ്ടാകുന്ന കാലാവസ്ഥാമാറ്റങ്ങളാണു് ആ വാക്കുകൊണ്ടു് പ്രധാനമായി ഉദ്ദേശിക്കുന്നതു്. പെട്രോളിയം കത്തിക്കുകയും കാടുവെട്ടിത്തെളിക്കുകയും മറ്റും ചെയ്യുന്നതിലൂടെ അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡയോക്സൈഡിന്റെ അളവു വര്‍ദ്ധിക്കുന്നു. ഇതു്, ഒരു കമ്പിളിപ്പുതപ്പുപോലെ, ചൂടു് പുറത്തേക്കു പോകുന്നതു തടയുന്നു. അങ്ങനെ അന്തരീക്ഷത്തിന്റെ താപനില വര്‍ദ്ധിക്കുന്നുണ്ടത്രെ. ഇതിനു് ഭൗമതാപനം എന്നു പറയുന്നു. കാര്‍ബണ്‍ ഡയോക്സൈഡ് കൂടാതെ നീരാവി, മീഥെയ്‌ന്‍, ഓസോണ്‍ തുടങ്ങിയ, ഹരിതഗൃഹവാതകങ്ങള്‍ എന്നറിയപ്പെടുന്ന, ചില വാതകങ്ങള്‍ക്കും ഈ സ്വഭാവമുണ്ടു്. ഇക്കൂട്ടത്തില്‍ ഭൗമതാപനത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ടതു് കാര്‍ബണ്‍ ഡയോക്സൈഡാണു്. ഭൂമിയിലെല്ലായിടത്തും ജീവനാവശ്യമായ ചൂടു് നിലനിര്‍ത്തണമെങ്കില്‍ ഈ വാതകങ്ങള്‍ ആവശ്യവുമാണു്. എന്നാല്‍ , “അധികമായാല്‍ അമൃതും വിഷം” എന്നു പറയാറുള്ളതുപോലെ, ഹരിതഗൃഹവാതകങ്ങളുടെ അളവു് അധികമായാല്‍ അന്തരീക്ഷത്തിന്റെ ചൂടും കൂടും. ഇതാണു് കാലാവസ്ഥാവ്യതിയാനത്തിലേക്കു് നയിക്കുന്നതത്രെ.

ഭൗമതാപനം സംഭവിക്കുന്നതു് സാവധാനത്തിലാണു്. പക്ഷെ, ഭൂമിയുടെ ശരാശരി താപനില വര്‍ദ്ധിക്കുന്നതു് കൂടുതല്‍ വേഗത്തിലായിക്കൊണ്ടിരിക്കയാണെന്നു പഠനങ്ങള്‍ സൂചിപ്പിക്കുന്നുണ്ടു്. ഉദാഹരണമായി, കഴിഞ്ഞ ഏതാണ്ടു് നൂറു വര്‍ഷങ്ങളില്‍ ഭൂമിയുടെ അന്തരീക്ഷത്തിന്റെ താപനില വര്‍ദ്ധിച്ചതിനേക്കാള്‍ ഇരട്ടിയോളം വേഗത്തിലാണു് കഴിഞ്ഞ അമ്പതു വര്‍ഷമായി ചൂടു കൂടുന്നതു്. ഒന്നര നൂറ്റാണ്ടോളമായി ഭൂമിയില്‍ പലയിടത്തും താപനില അളക്കുന്നതില്‍നിന്നു് വ്യക്തമാകുന്ന കാര്യങ്ങളാണിതു്. ഭൗമതാപനമുണ്ടാകുന്നതു് മനുഷ്യരുടെ പ്രവൃത്തികള്‍ മൂലമാണെന്നതിനു് വലിയ സംശയമൊന്നും ഇപ്പോള്‍ അവശേഷിക്കുന്നില്ല.

അന്തരീക്ഷത്തിന്റെ താപനില വര്‍ദ്ധിക്കുന്നതു് മറ്റു പലതിനെയും ബാധിക്കുന്നുണ്ടു് എന്നു വ്യക്തമായിട്ടുണ്ടു്. അവയില്‍ പ്രധാനപ്പെട്ട ചിലവയാണു് കടല്‍നിരപ്പുയരുക, ആകെ ലഭിക്കുന്ന മഴയുടെ അളവു കുറയുക, ശക്തമായ മഴയും കഠിനമായ വരള്‍ച്ചയും കൂടുതലുണ്ടാകുക, സമുദ്രജലത്തിന്റെ അമ്ലത കൂടുക, തുടങ്ങിയവ. കാലാവസ്ഥാവ്യതിയാനത്തേപ്പറ്റി പഠിക്കാന്‍ നിയോഗിച്ച അന്തര്‍സര്‍ക്കാര്‍ സമിതിയുടെ (Intergovernmental Panel on Climate Change, IPCC) നാലാമത്തെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു് ഇക്കാര്യങ്ങളിവിടെ എഴുതുന്നതു്.

അന്തരീക്ഷത്തിന്റെ ചൂടു കൂടുന്നതു് ജീവിതം കൂടുതല്‍ ദുസ്സഹമാക്കും എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടാവില്ലല്ലോ. മനുഷ്യര്‍ക്കു മാത്രമല്ല ചെടികള്‍ക്കും മൃഗങ്ങള്‍ക്കും ജീവിയ്ക്കാന്‍ ബുദ്ധിമുട്ടു കൂടും. താപനില കൂടുന്നതനുസരിച്ചു് കൃഷിയുടെ ഉല്പാദനക്ഷമത കുറയും എന്നു് IPCC യുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ടു്. യൂറോപ്പുപോലെയുള്ള മിതശീതോഷ്ണമേഖലകളില്‍ (കടുത്ത ചൂടോ കഠിനമായ തണുപ്പോ അനുഭവപ്പെടാത്ത പ്രദേശങ്ങളില്‍) മൂന്നു ഡിഗ്രി ചൂടു കൂടുന്നതുവരെ ഉല്പാദനക്ഷമത കൂടാന്‍ സാദ്ധ്യതയുണ്ടത്രെ. പക്ഷെ കേരളവും ആന്ധ്രയും മറ്റും പോലെയുള്ള ഉഷ്ണമേഖലാപ്രദേശങ്ങളില്‍ അരിയുടെയും മറ്റും ഉല്പാദനം കുറയുകയെയുള്ളു. ഇപ്പോള്‍ത്തന്നെ ഭക്ഷ്യവസ്തുക്കള്‍ക്കായി മറ്റു പ്രദേശങ്ങളെ ആശ്രയിക്കേണ്ടിവരുന്ന കേരള സംസ്ഥാനം ഒരുപക്ഷെ കുറേക്കൂടി ദൂരെ നിന്നു് അരിയും പച്ചക്കറികളും മറ്റും കൊണ്ടുവരേണ്ടി വരാം. ഇവിടത്തെ ഏതെല്ലാം കൃഷിയെ കൂടിവരുന്ന ചൂടു് എങ്ങനെയെല്ലാം ബാധിക്കാം എന്നു നമുക്കറിയില്ല. നെല്ലു്, വാഴ, കൈത, പച്ചക്കറി, തെങ്ങു്, തേയില, റബ്ബര്‍, തുടങ്ങിയവയുടെ തോട്ടങ്ങളെ കാലാവസ്ഥാവ്യതിയാനം എങ്ങനെ ബാധിക്കും എന്നറിയില്ല. കൂടുതല്‍ അറിവു കിട്ടുന്നതുവരെ, ഇവയുടെയെല്ലാം ഉത്പാദനക്ഷമത കുറയും എന്നു കരുതുന്നതാവും നല്ലതു്.

ഉയര്‍ന്നുവരുന്ന സമുദ്രജലനിരപ്പു് കടല്‍ത്തീരത്തു താമസിക്കുന്നവര്‍ക്കു് ബുദ്ധിമുട്ടുണ്ടാക്കും എന്നതു് വ്യക്തമാണല്ലൊ. കടലാക്രമണം കൂടുതല്‍ ശക്തമാകാം. തീരപ്രദേശത്തെ ചില ഭാഗങ്ങള്‍ കടലിനടിയിലാവാം. പക്ഷെ എത്രകാലം കൊണ്ടു് കടല്‍ എത്ര ഉയരുമെന്നൊ കരയുടെ ഏതൊക്കെ ഭാഗം കടലിലേയ്ക്കു് നഷ്ടപ്പെടാമെന്നൊ നമുക്കറിയില്ല. തീരദേശത്തു വസിക്കുന്നവരില്‍ ഭൂരിപക്ഷം വരുന്ന മത്സ്യത്തൊഴിലാളികള്‍ മറ്റൊരു പ്രശ്നവും നേരിടേണ്ടിവരും. കടല്‍ജലത്തന്റെ ചൂടു് കൂടുന്നതുകൊണ്ടു് മത്സ്യങ്ങള്‍ പലതും ചുടു കുറഞ്ഞ പ്രദേശങ്ങളിലേയ്ക്കു് നീങ്ങാന്‍ സാദ്ധ്യതയുണ്ടത്രെ. ഇതു് സംഭവിച്ചു തുടങ്ങി എന്നു് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുമുണ്ടു്. അങ്ങനെയെങ്കില്‍ ഒരു വശത്തു് മത്സ്യത്തിന്റെ ലഭ്യത കുറയുകയും മറുവശത്തു് കര നഷ്ടപ്പെടുകയും ചെയ്യാം. അതോടൊപ്പം സമുദ്രജലത്തിന്റെ അമ്ലത കൂടുന്നതു് പലതരം മീനുകളുടെ നിലനില്പിനെയും കാര്യമായി ബാധിച്ചേക്കാം. ഇതെല്ലാം മത്സ്യത്തൊഴിലാളികളുടെ ജീവിതം കൂടുതല്‍ കഷ്ടപൂര്‍ണ്ണമാക്കുമെന്നു വേണം അനുമാനിക്കാന്‍.

കടല്‍നിരപ്പുയരുന്നതുകൊണ്ടുണ്ടാകാവുന്ന മറ്റൊരു പ്രശ്നം നദികളിലേയ്ക്കു് ഉപ്പുവെള്ളം കടന്നുകയറുക എന്നതാണു്. ഇപ്പോൾത്തന്നെ പലയിടങ്ങളിലും വേനല്‍ക്കാലത്തു് ഉപ്പുവെള്ളം കയറുന്നുണ്ടു്. മഴകുറയുന്നതുമൂലം നദിയിലൂടെയുള്ള ജലപ്രവാഹം കുറയുന്നതു് ഈ പ്രശ്നം കൂടുതല്‍ രൂക്ഷമാക്കാം. കാടുകള്‍ വെട്ടിത്തെളിച്ചതും തടാകങ്ങളും കുളങ്ങളും നികത്തിയതും അണക്കെട്ടുകള്‍ നിര്‍മ്മിച്ചതും നദീജലം മറ്റാവശ്യങ്ങള്‍ക്കായി തോടുകള്‍വെട്ടി തിരിച്ചുകൊണ്ടുപോയതും ആണു് നദികളില്‍ ഉപ്പുവെള്ളം കയറുന്നതിനു് കാരണമായിട്ടുള്ളതെന്നാണു് ശാസ്ത്രജ്ഞര്‍ കരുതുന്നതു്. ഈ പ്രശ്നത്തെ കാലാവസ്ഥാവ്യതിയാനം കൂടുതല്‍ തീവ്രമാക്കുമെന്നു് വേണം കരുതാന്‍.

ആകെ ലഭിക്കുന്ന മഴയുടെ അളവു കുറയുകയും അതേ സമയം ലഭിക്കുന്ന മഴ കൂടുതല്‍ ശക്തമായതാകുകയും ചെയ്യുന്നതു് നിലവിലുള്ള പ്രശ്നങ്ങള്‍ കൂടുതല്‍ ഗുരുതരമാക്കാം. ഭൂഗര്‍ഭജലത്തിന്റെ ലഭ്യത കുറയാം. മഴയുടെ തീവ്രത കൂടുമ്പോള്‍ കൂടുതല്‍ വെള്ളം കുത്തിയൊലിച്ചു പോകാനും ഭൂമിയിലേക്കു് താഴ്ന്നിറങ്ങുന്ന വെള്ളം കുറയാനും ഇടയാക്കും. വെള്ളം താഴ്ന്നിറങ്ങാന്‍ സഹായിക്കുന്ന കാടുകളും തടാകങ്ങളും കുളങ്ങളും നമ്മള്‍ കുറേയേറെ ഇല്ലാതാക്കിക്കഴിഞ്ഞു. അതുകൊണ്ടു് കാലം കഴിയും തോറും ശുദ്ധജലം കിട്ടാനുള്ള ബുദ്ധിമുട്ടു് കൂടിവരുമെന്നു വേണം കരുതാന്‍. കൃഷിയ്ക്കും മനുഷ്യരുടെയും മൃഗങ്ങളുടെയും ഉപയോഗത്തിനും ശുദ്ധജലം കിട്ടാന്‍ കഷ്ടമാകാം. താപനില ഉയരുമ്പോള്‍ കൂടുതല്‍ വെള്ളം ആവശ്യമായിവരികയും ചെയ്യുമല്ലൊ.

ഈ സന്ദര്‍ഭത്തില്‍ മറ്റൊരു കാര്യം കൂടി ഓര്‍മ്മിക്കട്ടെ. നമ്മുടെ വൈദ്യുതിയുടെ വലിയ ഭാഗം ലഭിക്കുന്നതു് ജലവൈദ്യുത പദ്ധതികളില്‍ നിന്നാണല്ലൊ. ജലത്തിന്റെ ലഭ്യത കുറയുമ്പോള്‍ വൈദ്യതോല്പാദനം കുറയും. പെട്രോളിയത്തിന്റെ ലഭ്യതയും കുറഞ്ഞുവരുന്നതിനാല്‍ താപോര്‍ജ്ജത്തിന്റെ സാദ്ധ്യതയും കുറയും. സൗരോര്‍ജ്ജവും വാതോര്‍ജ്ജവും മാത്രമാണു് സ്ഥിരമായി, പരിസ്ഥിതി പ്രശ്നങ്ങള്‍ കാര്യമായിട്ടില്ലാതെ (നമുക്കിന്നു് അറിയാവുന്നിടത്തോളം), ലഭിക്കാന്‍ സാദ്ധ്യതയുള്ളതു്. ഈ സാഹചര്യത്തില്‍ നമ്മുടെ വൈദ്യുതോല്പാദനത്തെക്കുറിച്ചും ഉപഭോഗത്തെക്കുറിച്ചും ഗാഢമായി ചിന്തിക്കുകയും പഠിക്കുകയും ചെയ്യേണ്ടതാവശ്യമാണു് എന്നു തോന്നുന്നു. കാലാവസ്ഥാവ്യതിയാനവും പെട്രോളിയം തീരാന്‍ തുടങ്ങുന്നതും നമ്മുടെ വികസന പരിപ്രേക്ഷ്യത്തെക്കുറിച്ചു് ഒരു പുനര്‍ചിന്തനം നടത്തുന്നതിലേയ്ക്കു് നമ്മെ നയിക്കേണ്ടതാണു്.

കാലാവസ്ഥാവ്യതിയാനമുണ്ടാക്കാവുന്ന പ്രശ്നങ്ങളേപ്പറ്റി നമ്മുടെ സര്‍ക്കാര്‍ ചിന്തിച്ചു തുടങ്ങി എന്നതു് സന്തോഷമുള്ള കാര്യമാണു്. ഇതു ചര്‍ച്ച ചെയ്യാനും ഒരു വൈറ്റ് പേപ്പര്‍ തയാറാക്കാനുമായി ഏതാനും മാസങ്ങള്‍ക്കുമുമ്പു് റവന്യൂ വകുപ്പു് ഒരു മീറ്റിങ്ങ് വിളിച്ചു ചേര്‍ത്തിരുന്നു. കാലാവസ്ഥാവ്യതിയാനം സംഭവിക്കുന്നതു് സാവധാനത്തിലാണു്. എങ്കിലും, ജനങ്ങള്‍ക്കു് വലിയ കഷ്ടപ്പാടുണ്ടാകാതിരിക്കണമെങ്കില്‍ നമുക്കു് ഒരുപാടു് കാര്യങ്ങള്‍ ചെയ്യാനുണ്ടു്. കേരളത്തെ കാലാവസ്ഥാവ്യതിയാനം എങ്ങനെ ബാധിക്കാം എന്നതിനേപ്പറ്റി കൃത്യമായ അറിവുണ്ടാക്കേണ്ടതുണ്ടു്. എങ്കിലല്ലേ നമുക്കതിനെ പ്രതിരോധിക്കാനാവൂ. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കും ഗവേഷകര്‍ക്കും ഇക്കാര്യത്തില്‍ ചെയ്യാന്‍ ധാരാളമുണ്ടു്.

കാലാവസ്ഥാവ്യതിയാനത്തെ ഏറ്റവും കൂടുതല്‍ സ്വാധീനിക്കുന്നതു് പെട്രോളിയത്തിന്റെ ഉപഭോഗമായതുകൊണ്ടു് വികസിത രാഷ്ട്രങ്ങളാണു് പ്രധാന ഉത്തരവാദികള്‍. അവരുടെ ഭാവി പ്രവര്‍ത്തനങ്ങള്‍ എങ്ങനെയാവും എന്നാര്‍ക്കും പ്രവചിക്കാനാവാത്തതുകൊണ്ടു് കാലാവസ്ഥയിലെ മാറ്റം എത്ര വേഗത്തിലാവും എന്നും മുന്‍കൂട്ടി അറിയാനാവില്ല. എങ്കിലും നമ്മളതേപ്പറ്റി ഒരേകദേശരൂപം ഉണ്ടാക്കിയേ തീരൂ. അതോടൊപ്പം ഓരോ കാലഘട്ടത്തിലും കടല്‍നിരപ്പു് എത്രകണ്ടു് ഉയരുമെന്നും അപ്പോള്‍ കടല്‍ കരയിലേയ്ക്കു് എത്ര കയറിവരുമെന്നും ഏകദേശമായെങ്കിലും അറിയണം. എങ്കിലേ കടല്‍ത്തീരത്തു വസിക്കുന്നവരെ കടലാക്രമണത്തില്‍നിന്നും കഷ്ടപ്പാടില്‍നിന്നും രക്ഷിക്കാനാവൂ.

ജലലഭ്യത കുറയുമെന്നുള്ളതുകൊണ്ടു് ശുദ്ധജലം സംരക്ഷിക്കാനുള്ള നടപടികള്‍ കഴിവതും വേഗം തുടങ്ങണം. വനനശീകരണം തടയുക, വനവല്‍ക്കരണം നടത്തുക, അവശേഷിക്കുന്ന ജലാശയങ്ങള്‍ സംരക്ഷിക്കുകയും പുതിയവ നിര്‍മ്മിക്കുകയും ചെയ്യുക തുടങ്ങിയ കാര്യങ്ങള്‍ ആത്മാര്‍ത്ഥമായിത്തന്നെ നടത്തേണ്ടതുണ്ടു്. ഇത്തരം പല കാര്യങ്ങളിലും സര്‍ക്കാരിന്റെ സൂക്ഷ്മശ്രദ്ധ പതിയേണ്ടതിനോടൊപ്പം ഇതെല്ലാം നമ്മുടെ പ്രശ്നമായി കരുതി ജനങ്ങളും പ്രവര്‍ത്തിക്കേണ്ടതുണ്ടു്. നമ്മള്‍ ശ്രദ്ധയോടെ പ്രവര്‍ത്തിച്ചില്ലെങ്കില്‍ രാഷ്ട്രീയ സാമൂഹിക സാമ്പത്തിക ഭേദമില്ലാതെ നമ്മളും നമ്മുടെ കുഞ്ഞുങ്ങളും തന്നെയാണു് കഷ്ടപ്പെടാന്‍ പോകുന്നതെന്നു് നാം മനസിലാക്കണം.

ഉയരുന്ന താപനില ഏതെല്ലാം വിളകളെ എങ്ങനെയെല്ലാമാണു് ബാധിക്കാന്‍ പോകുന്നതെന്നു് മനസിലാക്കേണ്ടതുണ്ടു്. അത്തരം ചെടികളുടെ പുതിയ ഇനങ്ങള്‍ വികസിപ്പിച്ചെടുക്കുകയൊ മറ്റു് വിളകള്‍ പകരം കണ്ടെത്തുകയൊ ചെയ്യണം. കീടങ്ങളുടെ ഇനത്തിലും എണ്ണത്തിലും വ്യത്യാസമുണ്ടാകാം. ഇതെല്ലാം നേരിടാനായി കഴിയുന്നത്ര വിവരങ്ങള്‍ മുന്‍കൂട്ടി കണ്ടെത്തുന്നതു സഹായകമാകും. രോഗങ്ങളുടെ വിതരണത്തിലും വ്യത്യാസമുണ്ടാകുമെന്നാണു് സൂചന. ഇവിടെയെല്ലാം ഗവേഷകര്‍ക്കു് ഒരുപാടു് കാര്യങ്ങള്‍ ചെയ്യാനുണ്ടു്. നമ്മളെല്ലാവരും ഒത്തുപിടിച്ചാല്‍ എല്ലാവരുടെയും, വിശേഷിച്ചു് സാമ്പത്തികമായി പിന്നില്‍ നില്‍ക്കുന്നവരുടെ, കഷ്ടപ്പാടു് കുറയ്ക്കാനായേക്കും.

വായുമലിനീകരണത്തിൽ ഇന്ത്യ മുന്നേറുന്നു

അടുത്തകാലം വരെ വായുമലിനീകരണമുൾപ്പെടെയുള്ള പരിസരമലിനീകരണത്തിൽ ചൈനയായിരുന്നു മുമ്പിൽ. എന്നാൽ, അതിനുള്ള പരിഹാരനടപടികൾ അവർ ആരംഭിക്കുകയും ഇന്ത്യയിൽ നഗരവൽക്കരണം ത്വരിതപ്പെടുകയും ചെയ്തതോടെ ഇന്ത്യയും ഇക്കാര്യത്തിൽ മുന്നേറാൻ തുടങ്ങി. കഴിഞ്ഞ തണുപ്പുകാലത്ത് ദില്ലിയിലെ വായുമലിനീകരണം അതീവഗുരുതരമായത് ചിലരെങ്കിലും ഓർമ്മിക്കുന്നുണ്ടാവും. വർഷങ്ങളായി ബീജിങ്ങിലെ സ്ഥിതി ഇതിലും മോശമായിരുന്നു. PM2.5 എന്നു വിളിക്കുന്ന 2.5 മൈക്രോമീറ്റർ (മില്ലിമീറ്ററിന്റെ ആയിരത്തിലൊന്ന്) വലുപ്പമുള്ള Particulate Matter (സൂക്ഷ്മമായ തരികൾ) ക്രമാതീതമായി കൂടുകയും അവ ശ്വാസകോശത്തിൽ അടിയുന്നതിലൂടെ ശ്വാസതടസ്സവും ചുമയും മറ്റ് അസുഖങ്ങളും സാധാരണമാവുകയും ചെയ്തു. എന്നാൽ സൂക്ഷ്മമായ ഈ തരികൾ രക്തം കട്ടപിടിക്കാനിടയാക്കുന്നതിലൂടെ ഹൃദ്രോഗങ്ങൾക്കും പക്ഷാഘാതങ്ങൾക്കും വഴിതെളിക്കുകയും കൂടി ചെയ്തു. ഇത് വളരെ ഗൗരവമേറിയ ആരോഗ്യപ്രശ്നമാണല്ലൊ. ഇതിലൂടെയും വായുമലിനീകരണവുമായി ബന്ധപ്പെട്ട മറ്റുകാരണങ്ങളിലൂടെയും 2013ൽ 366,000 പേരാണ് നേരത്തെ മരണമടഞ്ഞത് എന്നാണ് ബീജിങ്ങിലെ സിങ്ഹുവ സർവ്വകലാശാലയും (Tsinghua University) അമേരിക്കയിലെ ബോസ്റ്റണിലെ ഹെൽത് ഇഫക്ട്‍സ് ഇൻസ്റ്റിറ്റ്യൂട്ടും (Health Effects Institute) ചേർന്നു നടത്തിയ ഒരു പഠനം കാണിച്ചത്. 2013ലെ മരണങ്ങളിൽ 155,000 എണ്ണം വ്യാവസായിക ആവശ്യങ്ങൾക്ക് കൽക്കരി കത്തിച്ചതിനാലാണെന്നും 86,500 മരണങ്ങൾ വൈദ്യുതി ഉൽപ്പാദിപ്പിക്കാനായി കൽക്കരി കത്തിച്ചതിനാലാണെന്നും പഠനകർത്താക്കൾ മനസ്സിലാക്കി.

PM2.5 മൂലമുള്ള മരണങ്ങൾക്ക് മറ്റൊരു കാരണം ഗതാഗതമാണെന്ന് പഠനം കണ്ടെത്തി. 2013ൽ 137,000 മരണങ്ങൾക്കു കാരണമായത് ഗതാഗതത്തിൽനിന്നുള്ള തരികളാണ് എന്നവർ കരുതുന്നു.

വികസിതരാഷ്ട്രങ്ങൾ കൽക്കരി ഉപേക്ഷിച്ചിട്ടു കുറച്ചുകാലമായി. അതുണ്ടാക്കുന്ന വായുമലിനീകരണവും ആഗോളതാപനവും മൂലം ജനങ്ങൾതന്നെ കൽക്കരിയുടെ ഉപയോഗത്തെ എതിർക്കുകയായിരുന്നു. ഏതാനും വർഷംമുമ്പുവരെ കൽക്കരിയായിരുന്നു മനുഷ്യൻ പ്രധാന ഊർജ്ജസ്രോതസ്സായി ഉപയോഗിച്ചിരുന്നത്. ഉദാഹരണമായി, 2006ൽ ലോകത്തെമ്പാടും ഉല്പാദിപ്പിച്ച ഊർജ്ജത്തിന്റെ മൂന്നിലൊന്നോളം കൽക്കരിയുടെ സഹായത്തോടെയാണ് ഉൽപ്പാദിപ്പിച്ചത്. വികസിതരാഷ്ട്രങ്ങൾ പെട്രോളിയത്തിലേക്കും പിന്നീട് വൈദ്യുതിയിലേക്കും മാറിയപ്പോഴും പല കാരണങ്ങളാൽ ചില രാഷ്ട്രങ്ങൾ കൽക്കരിതന്നെ തുടർന്നും ഉപയോഗിച്ചു. ഇതിൽ മുന്നിൽനിന്നത് ചൈനയും ഇന്ത്യയുംതന്നെയാണ്. ബീജിങ്ങിലെ വായു മനുഷ്യനും മൃഗങ്ങൾക്കും ശ്വസിക്കാൻകൊള്ളാത്തതാകുകയും പതിനായിരക്കണക്കിനു മനുഷ്യർ സൂക്ഷ്മധൂളിയുടെ ക്രമാതീതമായ സാന്നിദ്ധ്യത്താൽ മരണപ്പെടുകയും ചെയ്ത സാഹചര്യത്തിൽ, ഈ വെല്ലുവിളിയെ നേരിടാനായി പാർട്ടി തീരുമാനിക്കുകയും അടുത്ത പഞ്ചവത്സരപദ്ധതിയിൽ ഒരു പ്രധാനലക്ഷ്യമായി ഉൾപ്പെടുത്തുകയും ചെയ്തു. 2016 മാർച്ചിൽ നടന്ന ചർച്ചകളിലാണ് ഈ തീരുമാനമെടുത്തത്. തുടർന്നുള്ള നടപടികളുടെ ഭാഗമായി ബീജിങ്ങിലെ വായു കുറെയൊക്കെ ശുദ്ധമാവുകയും അങ്ങനെ വായുമലിനീകരണത്തിന്റെ കാര്യത്തിൽ ദില്ലി മുന്നിലെത്തുകയും ചെയ്തു.

ഇന്നലെ ബീജിങ്ങും ഇന്ന് ദില്ലിയുമാണ് മലിനീകരണത്തിന്റെ പ്രശ്നത്തെ നേരിടേണ്ടതായി വന്നത്. അതുകൊണ്ട് നമ്മെയെന്തിന് ഇതൊക്കെ അലട്ടണം എന്നു സ്വാഭാവികമായി സംശയിക്കാം. ഇവിടെ ഒരുകാര്യം നാം ഓർമ്മിക്കേണ്ടതുണ്ട്. ലോകത്തിന്റെ മറ്റുഭാഗങ്ങളിൽ ഇന്നു സംഭവിക്കുന്ന കാര്യങ്ങൾ നാളെ നമ്മുടെ നാട്ടിലും സംഭവിക്കും എന്നത് ഈ ആഗോളവൽക്കരണത്തിന്റെ കാലഘട്ടത്തിൽ ഏതാണ്ട് ഉറപ്പാണ്. കാരണം, വികസനത്തിന്റെ അതേ പാതതന്നെയാണ് നമ്മളും പിന്തുടരുന്നത്. മാറ്റിച്ചിന്തിക്കുന്നതിനേപ്പറ്റിപ്പോലും ചിന്തിക്കുന്നില്ല. അതിനുള്ള ധിഷണാശക്തിയുള്ള നേതാക്കൾ ഇന്നുണ്ടോ എന്നുപോലും സംശയമാണ്.

ആഗോളതാപനത്തെയും കാലാവസ്ഥാവ്യതിയാനത്തെയും കുറിച്ചുള്ള എന്റെ ഈ ബ്ലോഗിൽ വായുമലിനീകരണത്തെപ്പറ്റി എന്തിനാണ് എഴുതുന്നത് എന്ന ചോദ്യമുയരാൻ സാധ്യതയുള്ളതുകൊണ്ട് അതിനുള്ള മറുപടികൂടി എഴുതട്ടെ. താപനില കൂടുകയും സമുദ്രനിരപ്പ് ഉയരുകയും ചെയ്യുന്നതുകൂടാതെ, ഇന്നുള്ള പ്രശ്നങ്ങൾ കൂടുതൽ തീവ്രമാക്കാൻ കാലാവസ്ഥാവ്യതിയാനത്തിന് ആകും. ആ പ്രശ്നം അപ്പോൾ കാണാം എന്നു കരുതിയാൽ ഇന്നത്തെക്കാൾ അനേകമിരട്ടി കൂടുതൽ ബുദ്ധിമുട്ടാകും അത് പരിഹരിക്കാൻ. അതുകൊണ്ട്, കഴിയുന്നത്ര കാര്യങ്ങൾ ഇന്നുതന്നെ ശരിയാക്കി മുന്നോട്ടു പോകുന്നതാവും എളുപ്പം. ബുദ്ധിയും. സ്ക്കൂളിൽ പഠിക്കുന്ന ഒരു ഇംഗ്ലിഷ് പഴഞ്ചൊല്ലുണ്ട്, “A stitch in time saves nine.” എന്ന്. ചെയ്യേണ്ട കാര്യങ്ങൾ അപ്പപ്പോൾ ചെയ്താൽ എളുപ്പമാകും എന്ന്. മലയാളത്തിൽ പറയാറുണ്ടല്ലോ, സൂചികൊണ്ട് എടുക്കാവുന്നത് നോക്കിനോക്കിയിരുന്ന് തൂമ്പാകൊണ്ട് എടുക്കേണ്ടി വരരുത് എന്ന്. അതുതന്നെ.

ഇനി മറ്റൊരു കാര്യം. ബീജിങ്ങിൽ വായുമലിനീകരണം ഗൗരവതരമാവുകയും അനേകംപേർ മരിക്കുകയും ചെയ്തപ്പോൾ നമ്മളിൽ പലരും ചിരിച്ചു. അവിടത്തെ ഭരണസംവിധാനത്തെ കളിയാക്കുകയും ചെയ്തു. എന്നാൽ, വികസിതരാഷ്ട്രങ്ങളിലെപ്പോലെ, സൂക്ഷ്മധൂളിയുടെ സാന്നിദ്ധ്യം ഒരു പരിധി കടക്കുമ്പോൾ ചൈനയിലെ സർക്കാർ അക്കാര്യം ജനങ്ങളെ അറിയിക്കുകയും മുൻകരുതലുകൾ എടുക്കാൻ ആവശ്യപ്പെടുകയും ചെയ്തു. പക്ഷെ, PM2.5ന്റെ അളവ് 500ഉം കടന്ന് ആയിരം എത്തിയിട്ടും നമ്മുടെ സർക്കാർ നോക്കിയിരുന്നതേയുള്ളൂ. ഒരുപക്ഷെ, ജനസംഖ്യ കുറയ്ക്കാനുള്ള വിദ്യയായി അവർ കരുതിയോ എന്തോ!

ആർട്ടിക് മഞ്ഞുണ്ടാക്കാൻ പദ്ധതി

ആർട്ടിക് മഞ്ഞിന്റെ നഷ്ടം തടയാൻ സമൂദ്രത്തിന്റെ അടിയിൽനിന്നു വെള്ളം മുകളിലേക്കു പമ്പു ചെയ്യാൻ പദ്ധതി.

ആഗോളതാപനത്തിന്റെ ഒരു ഫലം ഭൂമിയുടെ പലയിടങ്ങളിലുമുള്ള മഞ്ഞുരുകുക എന്നതാണ്. ഇതിന് രണ്ടു ഫലങ്ങളുണ്ട്. ഒന്ന്, മഞ്ഞുരുകിയ വെള്ളം കടലിൽ ചേർന്നിട്ട് സമുദ്രനിരപ്പുയരുക എന്നത്. കേരളത്തിൽ വലിയ പ്രശ്നമുണ്ടാക്കാൻ പോകുന്ന കാര്യങ്ങളിലൊന്നാണ് ഇത്. രണ്ടാമത്തേത് ഇപ്രകാരമാണ്. ഭൂമിയിലെത്തുന്ന സൂര്യപ്രകാശത്തിന്റെ മുപ്പത്താറോളം ശതമാനം പ്രതിഫലിച്ച് തിരികെ ബഹിരാകാശത്തേക്കുതന്നെ പോകുകയാണ് ചെയ്യുന്നത്. ഇങ്ങനെ പ്രകാശത്തെ പ്രതിഫലിപ്പിക്കുന്ന കാര്യം ഏറ്റവും ഫലപ്രദമായി ചെയ്യുന്നത് അന്തരീക്ഷത്തിലെ മേഘങ്ങളും ഉപരിതലത്തിലെ മഞ്ഞുമാണ്. അതുകൊണ്ട്, മഞ്ഞില്ലാതായാൽ അത്രകണ്ട് സൂര്യപ്രകാശം കൂടി ഭൂമിയുടെ ഉപരിതലത്തിലെത്തുകയും അത്രകണ്ട് ഊർജംകൂടി ഭൂമി വലിച്ചെടുത്ത് ചൂടായി അന്തരീക്ഷത്തിലേക്ക് പകരുകയും ചെയ്യും. ചുരുക്കിപ്പറഞ്ഞാൽ, മഞ്ഞില്ലാതാകുന്നത് ഭൗമതാപനത്തിന്റെ ആക്കം കൂട്ടും. ആർട്ടിക്കിലെ ഇപ്പോഴുള്ള മഞ്ഞുതൊപ്പിക്ക് പലയിടങ്ങളിലും 2-3 മീറ്ററേ കനമുള്ളുവത്രെ.

ഇതു തടയാനുള്ള ഒരു പദ്ധതിയാണ് അമേരിക്കയിലെ അരിസോണ സ്റ്റേറ്റ് സർവ്വകലാശാലയിലെ ഭൂമിയുടെയും ബഹിരാകാശപര്യവേക്ഷണത്തിന്റെയും വിഭാഗത്തിൽ(School of Earth and Space Exploration, Arizona State University, Tempe, Arizona, USA) പ്രവൃത്തിയെടുക്കുന്ന സ്റ്റീവൻ ഡെഷും (Steven Desch) കൂട്ടരും കൂടി രൂപീകരിച്ചിരിക്കുന്നത്. വാതോർജത്തിന്റെ സഹായത്തോടെ കടലിനടിയിലുള്ള വെള്ളത്തെ മുകളിലേക്കു കൊണ്ടുവരിക എന്നതാണത്. അങ്ങനെ കൊണ്ടുവരുമ്പോൾ ആ ജലം കൂടുതൽ എളുപ്പത്തിൽ ഉറഞ്ഞു മഞ്ഞായിത്തീരുകയും അങ്ങനെ ആ ഭാഗത്തെ മഞ്ഞിന്റെ കനം കൂട്ടുകയും ചെയ്യുക എന്നതാണ് അവർ നിർദ്ദേശിക്കുന്നത്. ഇതു ചെയ്യാനായി ആർട്ടിക് മഞ്ഞുതൊപ്പിയുടെ പുറത്ത് ഒരുകോടി കാറ്റാടിയന്ത്രങ്ങൾ സ്ഥാപിക്കാനാണ് അവരുടെ പദ്ധതി. ഇതിന് എല്ലാംകൂടി നാല്പതിനായിരം കോടി (400 സഹസ്രകോടി) ഡോളർ ചെലവാണ് അവർ കണക്കാക്കുന്നത്.

വികസനത്തിനായി നടത്തിയ കാര്യങ്ങൾ വരുത്തിവച്ച അപകടം നോക്കൂ. നാമിതുവരെ കാലാവസ്ഥാവ്യതിയാനത്തെ എങ്ങനെ നേരിടുമെന്നു ചിന്തിച്ചുതുടങ്ങിയിട്ടു പോലുമില്ല. എല്ലാം ആരെങ്കിലുമൊക്കെ ശരിയാക്കിക്കൊള്ളും എന്ന ഭാവത്തിൽ കണ്ണുമടച്ചിരിപ്പാണ്!
Continue reading “ആർട്ടിക് മഞ്ഞുണ്ടാക്കാൻ പദ്ധതി”

കാലാവസ്ഥാവ്യതിയാനത്തിന്റെ ആഘാതം

കാലാവസ്ഥാവ്യതിയാനം യൂറോപ്പിൽ പ്രകടമായ ആഘാതങ്ങൾ സൃഷ്ടിച്ചുതുടങ്ങി. അവർ അതിനുള്ള തയാറെടുപ്പുകൾ പണ്ടേ തുടങ്ങി. നമ്മളെന്നാണ് ആലോചിച്ചുതുടങ്ങുന്നത്?

കഴിഞ്ഞ കുറേ വർഷങ്ങളായി ശരാശരി ആഗോളതാപനില ഓരോ വർഷവും മുന്നിലത്തെ വർഷത്തേക്കാൾ കൂടുതലാണ്. മാത്രമല്ല, ദിനാവസ്ഥ രേഖപ്പെടുത്തിത്തുടങ്ങിയ കാലം മുതൽക്കു നോക്കിയാൽ ഏറ്റവും ഉയർന്ന താപനിലയാണ്. നാം കേരളത്തിലും ഇന്ത്യയിൽ പലയിടങ്ങളിലും ഉഷ്ണം വർദ്ധിച്ചുവരുന്നതായി അനുഭവിച്ചിട്ടുണ്ട്. എന്നിട്ടും ഇതിന്റെ ദീർഘകാലത്തിലുള്ള പ്രത്യാഘാതങ്ങളെപ്പറ്റി ചിന്തിക്കാനോ പഠിക്കാനോ പരിഹാരങ്ങൾ കണ്ടെത്താനോ ശ്രമിച്ചിട്ടില്ല എന്നത് ബുദ്ധിയാണോ, മണ്ടത്തരമാണോ?

ഇതാ ഈ റിപ്പോർട്ട് യൂറോപ്പ് നേരിടുന്നതും നേരിടാൻപോകുന്നതുമായ പ്രശ്നങ്ങളെക്കുറിച്ചാണ്. മിതശീതോഷ്ണമേഖലയിലെ രാജ്യങ്ങൾ എന്ന നിലയ്ക്ക് അവരുടെ പ്രശ്നങ്ങൾ താരതമ്യേന ചെറുതായിരിക്കും. ഉഷ്ണമേഖലയിൽ കടലിനോടു ചേർന്നുകിടക്കുന്ന സംസ്ഥാനം എന്ന നിലയ്ക്ക് കേരളം അഭിമുഖീകരിക്കേണ്ട പ്രശ്നങ്ങൾ അതിന്റെ പതിന്മടങ്ങായിരിക്കും. വിശേഷിച്ച് കുറെക്കാലമായി നാം പരിസ്ഥിതിയെ സംരക്ഷിക്കുന്ന കാര്യത്തിൽ തീരെ ശ്രദ്ധ കാണിക്കാത്തതുകൊണ്ട്.

കഴിഞ്ഞ ഒരു ദശാബ്ദക്കാലത്ത് യൂറോപ്പിലെ ശരാശരി താപനില വ്യാവസായികവിപ്ലവത്തിനു മുമ്പത്തെക്കാൾ 1.5 ഡിഗ്രി കൂടുതലായിരുന്നു എന്ന് യൂറോപ്യൻ പരിസ്ഥിതി ഏജൻസിയുടെ റിപ്പോർട്ടു പറയുന്നു. സമുദ്രനിരപ്പുയരുന്നത് പ്രതീക്ഷിച്ചതിനെക്കാൾ വേഗത്തിലാണത്രെ. കാലക്രമേണ ആറുമുതൽ ഒമ്പതു മീറ്റർ വരെ സമുദ്രനിരപ്പ് ഉയരാമെന്ന് ഈ റിപ്പോർട്ടു പറയുന്നു. കേരളത്തിലെ തീരദേശം സമുദ്രനിരപ്പിൽനിന്ന് പത്തുമീറ്റർവരെ ഉയരത്തിലുള്ള ഭാഗമാണെന്ന് ഓർക്കുക. അതായത്, തീരദേശത്തിന്റെ വലിയ ഭാഗം കടലിന്നടിയിലാകാൻ സാധ്യതയുണ്ട്. കേരളത്തിൽ ഏറ്റവുമധികം ജനസാന്ദ്രതയുള്ള പ്രദേശം എന്ന നിലയ്ക്ക് ഇത്രയുമധികം ജനങ്ങൾ എന്തുചെയ്യും എന്ന ചോദ്യം അവശേഷിക്കുന്നു. കേരളജനതയുടെയും സർക്കാരുകളുടെയും നിസ്സംഗത കണ്ടിട്ട് കുറേപ്പേരുടെ ജീവനൊടുങ്ങുന്നതുവരെ ഒന്നും ചെയ്യില്ലെന്നാണ് തോന്നുന്നത്. ഇതാണോ വിദ്യാഭ്യാസത്തിലും സാക്ഷരതയിലും അഭിമാനിക്കുന്ന മലയാളി ചെയ്യേണ്ടത്? നാമോരോരുത്തരും ചിന്തിക്കേണ്ട കാലമായി.

frenchriverbed
തെക്കുകിഴക്കേ ഫ്രാൻസിലെ വാർ നദിയുടെ ഇന്നത്തെ അവസ്ഥ (കടപ്പാട്: https://www.theguardian.com/environment/2017/jan/25/europe-faces-droughts-floods-storms-climate-change-accelerates#img-1)

ഭൂമിക്കു ജ്വരം

An outline of what is climate change, how it may affect Kerala and what we should do about it.

Let me start with a recent article on climate change and Kerala that I wrote and was published on Mathrubhumi Online here. Reproducing it below:

കേരളത്തിന് എത്രവർഷത്തെ ഇനി ആയുസ്സുണ്ടാകും? അതെന്തൊരു ചോദ്യമാണല്ലേ? നമ്മുടെ ഇന്നത്തെ അവസ്ഥയും ഭാവിയെക്കുറിച്ചുള്ള നിസ്സംഗതയും കണ്ടിട്ടു ചോദിച്ചുപോയതാണ്. ഒരു പത്തുവർഷം, അല്ലെങ്കിൽ വേണ്ട, ഇരുപതുവർഷം മുമ്പുണ്ടായിരുന്ന കേരളമാണോ ഇന്നുള്ളത്? ഓരോവർഷം കഴിയംതോറും ഏപ്രിൽമെയ് മാസങ്ങളിൽ അസഹനീയമായ ചൂടുണ്ടാകുന്നില്ലേ? ഒരു മുപ്പതോ നാല്പതോ വർഷങ്ങൾക്കുമുമ്പ് കുടിവെള്ളം കിട്ടാനില്ലാത്ത അവസ്ഥ ഉണ്ടായിരുന്നത് വളരെ ചുരുക്കം ചിലയിടങ്ങളിൽ, അതും വർഷത്തിൽ ഒരു മാസക്കാലം. പ്രളയമുണ്ടായിരുന്നത് ഏതാനും ചില താഴ്ന്ന സ്ഥലങ്ങളിൽ മാത്രം. ഇന്നത്തെ സ്ഥിതിയോ? മഴപെയ്താൽ പ്രളയമായി, മഴ നിന്നാൽ വരൾച്ചയും. ഇത് ഓരോ വർഷം കഴിയുന്തോറും കൂടുതൽ വഷളാകുന്നതല്ലാതെ കുറയുന്ന ലക്ഷണമൊന്നും കാണിക്കുന്നില്ല. ഇതൊന്നും വാർത്തകളിൽ വരാത്തതല്ല, നമ്മൾ ശ്രദ്ധിക്കുന്നില്ല എന്നുമാത്രം. ഇതാ അവസാനം വന്ന വാർത്ത, മാതൃഭൂമി പത്രത്തിൽ: “അണക്കെട്ടുകളിലെ വെള്ളം കുറയുന്നു: മുഖ്യമന്ത്രി റിപ്പോർട്ട് തേടി.” കുറച്ചു ദിവസങ്ങൾക്കു മുമ്പാണ് വയനാടുജില്ലയിൽ ഭൂഗർഭജലനിരപ്പു താഴ്ന്നതിനേപ്പറ്റി വാർത്ത വന്നത്. ഇവ ഓരോന്ന് ഓരോ ദിവസം കാണുമ്പോൾ നമ്മൾ അവഗണിക്കും, അല്ലേ? എന്നാൽ എത്രകാലം അങ്ങനെ അവഗണിക്കാനാവും? ഒരുദിവസം നമുക്കും കുടിവെള്ളം കിട്ടാനില്ലാതാകും. നമ്മുടെ ശീലമനുസരിച്ച്, നാമപ്പോൾ ചെയ്യുക സർക്കാരിനോട് വെള്ളം തരാനായി ആവശ്യപ്പെടുകയായിരിക്കും. ലോറികളിൽ വെള്ളമെത്തിക്കണം എന്ന ആവശ്യം വരും. അതിനായി സർക്കാർ കോടിക്കണക്കിനു രൂപ ചെലവഴിക്കുകയും ചെയ്യും. എന്നാൽ, വരാൻപോകുന്ന വിപത്തിനെ മുൻകൂട്ടിക്കണ്ടു അതിനെ നേരിടാൻ ആവശ്യമായ കാര്യങ്ങൾ ചെയ്യുന്നതല്ലേ ബുദ്ധി? നാം ഓരോരുത്തർക്കുമില്ലേ ഇക്കാര്യത്തിൽ ഉത്തരവാദിത്തം? വിദ്യാഭ്യാസത്തിലും ബുദ്ധിശക്തിയിലും അഭിമാനിക്കുന്ന മലയാളികൾ സ്വയം നേരിടാൻപോകുന്ന വിപത്തിനെ തീരെ അവഗണിക്കുന്നതെങ്ങിനെ? നമ്മുടെ മക്കളും അവരുടെ മക്കളും വളരാൻ പോകുന്ന (വരളാൻപോകുന്ന) കേരളം നാം വളർന്നതിൽനിന്നു വളരെ വ്യത്യസ്തമായിരിക്കും അല്ലേ? അപ്പോഴേക്ക് എല്ലാം ശരിയാകും ഇല്ലേ? ഇല്ല. ഇനിയങ്ങോട്ട് ശരിയാകലില്ല, പ്രശ്നങ്ങൾ കൂടുതൽ രൂക്ഷമാവുകയേയുള്ളൂ. അത് എൽഡിഎഫ് ആയാലും യൂഡിഎഫ് ആയാലും. എന്താണങ്ങനെ പറയാൻ കാരണം? നമുക്കൊന്നു പരിശോധിക്കാം.

ഭൂമിക്കു പനി

ശ്രീ പി.എസ്. ഗോപിനാഥൻനായർ രചിച്ച, അവാർഡുനേടിയ പുസ്തകമാണ് ഭൂമിക്കു പനി. ഭൂമിയെ അഭിമുഖീകരിക്കുന്ന എല്ലാ പാരിസ്ഥിതികപ്രശ്നങ്ങളെയും കുറിച്ചു വിശദമായി ചർച്ചചെയ്ത അപൂർവ്വ ഗ്രന്ഥമാണത്. അതു പ്രസിദ്ധീകരിച്ചിട്ട് 16 വർഷം കഴിഞ്ഞു. ഭൗമതാപനത്തിന്റെ പ്രത്യാഘാതങ്ങളെപ്പറ്റി അന്ന് ശ്രീ ഗോപിനാഥൻ നായർ എഴുതിയ കാര്യങ്ങൾ പലതും ഇന്നിപ്പോൾ യാഥാർത്ഥ്യമായിട്ടുണ്ട്. പക്ഷെ എന്നിട്ടും നമ്മുടെ സമൂഹമോ ഭരണകൂടങ്ങളോ അതൊന്നും കണ്ടതായി ഭാവിക്കുന്നില്ല. എന്താണീ അലംഭാവത്തിന്റെ പിന്നിൽ? അജ്ഞതയോ? അതോ, ഇതൊക്കെ വേറെയാരുടെയോ ഉത്തരവാദിത്തമാണെന്ന തോന്നലോ? അതോ, ഇനി സിനിമയുടെ ഭാഷയിൽ പറഞ്ഞാൽ ഇതൊക്കെയെന്ത് എന്ന ഭാവമോ? എന്തായാലും ശരി, ഇതു നയിക്കുന്നത് ഈ സംസ്ഥാനത്തെ എല്ലാ ജീവജാലങ്ങളുടെയും നാശത്തിലേക്കാണ് എന്നു പറയേണ്ടിയിരിക്കുന്നു.

കുറച്ചുകാലം മുമ്പ് ഒരു ടെലിവിഷൻ ചാനലിൽ നടന്ന ചർച്ചയിൽ ഒരു വിദഗ്ദ്ധൻ പറഞ്ഞ കാര്യം നമ്മിലെല്ലാം ശക്തമായ ആശങ്ക ഉളവാക്കേണ്ടതായിരുന്നു. കേരളം മരുഭൂവൽക്കരണത്തെ നേരിടുകയാണ് എന്ന് അമേരിക്കയിലെ ശാസ്ത്രജ്ഞർ നടത്തിയ പഠനത്തിൽ കണ്ടു എന്നാണ് അദ്ദേഹം പറഞ്ഞത്. മഴവെള്ളക്കൊയ്ത്തു് എല്ലാ കെട്ടിടങ്ങളിലും നിർബ്ബന്ധമാക്കാനുള്ള നിയമം കൊണ്ടുവരുന്ന കാര്യം പരിഗണിച്ചപ്പോൾ അത് തങ്ങൾക്കു കിട്ടേണ്ട വോട്ടിനെ ബാധിക്കും എന്നു പാർട്ടി കണ്ടെത്തിയതിനാൽ നടപ്പാക്കിയില്ല എന്ന് ചർച്ചയിൽ പങ്കെടുത്ത മുൻമന്ത്രി പറഞ്ഞത് ഓർക്കുന്നു. എന്നിട്ടും വിദ്യാസമ്പന്നരെന്ന് അഭിമാനിക്കുന്ന മലയാളികൾ ഞെട്ടിയില്ല, ഒരു പട്ടി ആരെയെങ്കിലും കടിച്ചാൽ മാധ്യമത്തിലുണ്ടാകുന്ന ഞെട്ടൽപോലും ഉണ്ടായില്ല! ആ പ്രശ്നത്തെ സംബന്ധിച്ച് ചർച്ചകളോ ഒന്നും നടത്തിയില്ല. തുടർന്ന് വരൾച്ചയുണ്ടായപ്പോൾ സംസ്ഥാനം വരൾച്ചബാധിത പ്രദേശമായി പ്രഖ്യാപിക്കാനോ ധനസഹായം ആവശ്യപ്പെടാനോ മടിച്ചതുമില്ല. ഈ സംഭവം സൂചിപ്പിക്കുന്നതെന്താണ്? അറിഞ്ഞുകൊണ്ടുതന്നെ അവഗണിക്കുകയാണ് എന്ന തോന്നലാണ് ഇതുണ്ടാക്കുന്നത്. നമ്മുടെ അയൽസംസ്ഥാനങ്ങൾ നിർബ്ബന്ധിതമായ മഴവെള്ളസംഭരണം നിയമമാക്കിയിട്ടു വർഷങ്ങളായി. അതു നടപ്പാക്കാനുള്ള സാമ്പത്തികവും സാങ്കേതികവുമായ സഹായവും അവിടെ ലഭ്യമാക്കിയിട്ടുണ്ട്. നമുക്കതൊന്നും വേണ്ടെന്നുവയ്ക്കാൻ എന്താണു കാരണം? കേരളത്തിൽ ധാരാളം മഴ ലഭിക്കുന്നുണ്ടെന്നതോ? എന്നിട്ടും പിന്നെന്തേ മഴ നിൽക്കുമ്പോൾ മുതൽ കേരളത്തിന്റെ പല ഭാഗങ്ങളിലും പണ്ടില്ലാതിരുന്നതുപോലത്തെ ജലദൗർലഭ്യം? ഇനി കാലാവസ്ഥാവ്യതിയാനംമൂലം മഴ കുറഞ്ഞാൽ എന്തു ചെയ്യും? കഴിഞ്ഞ രണ്ടുമൂന്നു വർഷമായി അതും സംഭവിക്കുന്നില്ലേ? ഇനിയെന്തു ചെയ്യും? കേന്ദ്രസർക്കാരിനോടു സഹായം അഭ്യർത്ഥിക്കാം. അവർ പണം തന്നു എന്നും വരാം. പക്ഷെ മുഖം കഴുകാനോ കുടിക്കാനോ ഭക്ഷണം പാചകം ചെയ്യാനോ പണം ഉപയോഗിക്കാനാവില്ലല്ലോ. പ്രശ്നം രൂക്ഷമാകുമ്പോഴേക്ക് ശാസ്ത്രജ്ഞർ എന്തെങ്കിലും വഴി കണ്ടുപിടിക്കും എന്നു ചിലരെങ്കിലും പറഞ്ഞുകേട്ടിട്ടുണ്ട്. എന്നാൽ ശാസ്ത്രജ്ഞർ തന്നെയാണ് മരുഭൂവൽക്കരണത്തെപ്പറ്റി വർഷങ്ങളായി പറയുന്നതും, മുന്നറിയിപ്പുകൾ ഇടയ്ക്കിടയ്ക്കു തരുന്നതും.

ഐക്യരാഷ്ട്രസഭ നിയോഗിച്ച കാലാവസ്ഥാവ്യതിയാനത്തിനുള്ള അന്തർസർക്കാർ സമിതി (Intergovernmental Panel for Climate Change, IPCC) അവരുടെ റിപ്പോർട്ടുകളിൽ വ്യക്തമാക്കിയിട്ടുള്ളത് നാലു കാര്യങ്ങളാണ്: 1) ഭൗമതാപനം യഥാർത്ഥമാണ്; 2) അത് മനുഷ്യന്റെ പ്രവർത്തനങ്ങളുടെ ഫലമാണ്; 3) അതിന്റെ ഫലമായി മഴയുടെ അളവു കുറയും, പക്ഷെ ശക്തമായ മഴയുടെയും മഴയില്ലായ്മയുടെയും സാധ്യത കൂടും; 4) ഈ മാറ്റങ്ങൾ മറ്റു പലതിനെയും സ്വാധീനിക്കും അവയിൽ പ്രധാനപ്പെട്ട ഒന്നാണ് കാർഷികോൽപാദനത്തിൽ കുറവുണ്ടാകുക എന്നത്; കടൽനിരപ്പുയരുക, രോഗങ്ങളുടെ വിതരണത്തിൽ മാറ്റംവരുക, മത്സ്യങ്ങൾ മറ്റുദിക്കുകളിലേക്കു കുടിയേറുക, തുടങ്ങിയവ മറ്റു പ്രത്യാഘാതങ്ങളാണ്. ഇവയിൽ ചിലതെല്ലാം കണ്ടുതുടങ്ങിയതായി ഗവേഷകർ പറയുന്നുമുണ്ട്. കഴിഞ്ഞ 2000 വർഷങ്ങളിൽ ഭൂമിയിലെ ശരാശരി താപനില എങ്ങനെ മാറി എന്നത് ചിത്രം 1ൽ കാണിച്ചിരിക്കുന്നു.

%e0%b4%aa%e0%b5%81%e0%b4%a8%e0%b5%bc%e0%b4%a8%e0%b4%bf%e0%b5%bc%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a-%e0%b4%a4%e0%b4%be%e0%b4%aa%e0%b4%a8%e0%b4%bf%e0%b4%b2

ചിത്രം 1: കഴിഞ്ഞ രണ്ടായിരം വര്‍ഷങ്ങളില്‍ വായുവിന്റെ താപനില എങ്ങനെ വര്‍ദ്ധിച്ചു. പല രീതികളുപയോഗിച്ചു് കണ്ടെത്തിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തയാറാക്കിയതു്. (ചിത്രം കടപ്പാടു്: https://commons.wikimedia.org/wiki/File:2000_Year_Temperature_Comparison.png)

ഇനി IPCC കണ്ടെത്തിയ കാര്യങ്ങളെന്തെല്ലാമാണെന്ന് ചുരുക്കത്തിൽ വിവരിക്കട്ടെ. ആദ്യമായി, ഭൗമതാപനത്തെപ്പറ്റി. അങ്ങനെയൊരു സംഭവമുണ്ടൊ, അതിനു കാരണം മനുഷ്യനാണൊ എന്നെല്ലാം പലർക്കും സംശയങ്ങളുണ്ടായിരുന്നു. ഇങ്ങനെയൊന്നും നടക്കുന്നില്ല എന്നു വിശ്വസിക്കുന്നവർ ഇന്നുമുണ്ട്, പുതിയ അമേരിക്കൻ പ്രസിഡന്റുൾപ്പെടെ. എന്നാൽ, IPCC ഉറപ്പിച്ചു പറയുന്നു, ഹരിതഗൃഹപ്രഭാവം എന്നൊരു പ്രതിഭാസം തീർച്ചയായുമുണ്ട്, അതില്ലായിരുന്നെങ്കിൽ ഭൂമിയിലെ താപനില ഇപ്രകാരമാവില്ലായിരുന്നു. മാത്രമല്ല, മനുഷ്യരുടെ പ്രവൃത്തികളുടെ ഫലമായി അന്തരീക്ഷത്തിലെ ഹരിതഗൃഹവാതകങ്ങളുടെ അളവ് പ്രകടമായി വർദ്ധിക്കുന്നുണ്ട്. ഇത്രയും ഉറപ്പുള്ള കാര്യങ്ങളാണ്. ഇനി അവർ കണ്ടെത്തിയ, സത്യമെന്നു തീർച്ചയുള്ള കാര്യങ്ങളുണ്ട്. അവയിങ്ങനെയാണ്: കഴിഞ്ഞകാലങ്ങളിൽ വർദ്ധിച്ച ഹരിതഗൃഹപ്രഭാവത്തിന്റെ പകുതിയും കാർബൺ ഡയോക്സൈഡ് മൂലമാണ്, ഭാവിയിലും അതങ്ങനെതന്നെ തുടരാനാണ് സാധ്യതയും. ദീർഘകാലം അന്തരീക്ഷത്തിൽ നിലനിൽക്കുന്ന വാതകങ്ങളുടെ (കാർബൺ ഡയോക്സൈഡ്, നൈട്രസ് ഓക്സൈഡ്, CFC [1]കൾ തുടങ്ങിയവ) ഉൽസർജ്ജനം തുടരുന്നത് വരുന്ന നൂറ്റാണ്ടുകളിൽ അവയുടെ ഉയർന്ന അളവ് നിലനിർത്താൻ കാരണമാകും.

ഭൗമതാപനം ഭാവിയിൽ എങ്ങനെയാവും എന്നുള്ളത് മനുഷ്യസമൂഹം എങ്ങനെ പെരുമാറും എന്നതിനെ ആശ്രയിച്ചിരിക്കുമല്ലൊ. അതിനാൽ മനുഷ്യസമൂഹം എങ്ങനെ പെരുമാറാം എന്നതിനുള്ള നാലു വ്യത്യസ്ഥ സാധ്യതകൾ IPCC കണക്കിലെടുക്കുകയും അവയിൽ ഓരോന്നിലും പ്രകൃതിക്ക് എന്തു സംഭവിക്കാം എന്നു കണക്കുകൂട്ടുകയും ചെയ്തു. അപ്പോൾ കണ്ടത് ഇങ്ങനെയാണ്: അവയിൽ മൂന്നു സാധ്യതകളിൽ യഥാക്രമം 2025, 2040, 2050 എന്നീ വർഷങ്ങളാകുമ്പോഴേക്ക് അന്തരീക്ഷത്തിലെ കാർബൺ ഡയോക്സൈഡിന്റെ3 അളവ് ഇരട്ടിയാകും. ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ഓരോ ദശാബ്ദത്തിലും ഭൂമിയുടെ ശരാശരി താപനിലയിൽ 0.2-0.5 ഡിഗ്രി വർദ്ധനയുണ്ടാവാം. ഇത് വളരെ ചെറുതായി തോന്നാമെങ്കിലും ഇത് ശരാശരി ആണെന്നോർക്കുക. ചിലയിടങ്ങളിൽ അത് കൂടുതലും മറ്റുചിലയിടങ്ങളിൽ കുറവുമായിരിക്കും. എന്നുതന്നെയല്ല, ഇങ്ങനെ തുടർച്ചയായി സംഭവിക്കുകയാണെന്നും ഓർക്കണം. നമുക്കു പലപ്പോഴും ചൂട് അസഹ്യമായി തോന്നുമ്പോൾ സാധാരണയിൽനിന്ന് ഒന്നോ രണ്ടോ ഡിഗ്രി മാത്രമായിരിക്കും വായുവിന്റെ ചൂടു കൂടുതലെന്നും ഓർക്കുക. മാത്രമല്ല, കഴിഞ്ഞ പതിനായിരം വർഷങ്ങളിലുണ്ടാകാത്തത്ര വലുതാണ് ഈ മാറ്റം എന്നാണ് IPCC പറയുന്നത്.

ഇനി ഈ മാറ്റങ്ങളുടെ പ്രത്യാഘാതങ്ങളെന്തെല്ലാമാവാമെന്നു പരിശോധിക്കാം. താപനില വർദ്ധിക്കുന്നതാണല്ലോ ആദ്യമായുണ്ടാകുന്നത്. അതുതന്നെ എല്ലാ ജീവജാലങ്ങൾക്കും പ്രശ്നമാണ്. ഈ നൂറ്റാണ്ടിന്റെ അവസാനത്തെ ദശാബ്ദമാകുമ്പോഴേക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ താപനില എങ്ങിനെ മാറാമെന്ന് IPCC കണക്കാക്കിയത് ചിത്രം 2ൽ കാണിച്ചിരിക്കുന്നു. ഈ ചെറിയ ചിത്രത്തിൽനിന്നു തിരിച്ചറിയാൻ ബുദ്ധിമുട്ടാണെങ്കിലും, ഇന്ത്യയിലെ താപനില 2-3 ഡിഗ്രി ഉയരും എന്നു മനസ്സിലാക്കാം.

 

globalwarming

ചിത്രം2: ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിലും അവസാനദശകങ്ങളിലും ലോകത്തിന്റെ വിവിധഭാഗങ്ങളിലെ താപനില എത്രകണ്ട് വ്യത്യസ്തമാകാം എന്നു IPCC നടത്തിയ പ്രവചനം. A2, A1B, B1 തുടങ്ങിയവ സൂചിപ്പിക്കുന്നത് വിവിധ തിരക്കഥകളാണ്. (കടപ്പാട്: IPCCയുടെ നാലാമത്തെ റിപ്പോർട്ട്)

ഇനി അറിയാനുള്ളത് ചൂട് ഇത്രയും കൂടിയാൽ മറ്റെന്തെല്ലാം പ്രത്യാഘാതങ്ങളുണ്ടാകാം എന്നതാണ്. അതിനും IPCC ചില ഉത്തരങ്ങൾ തരുന്നുണ്ട്, എല്ലാം എല്ലായിടത്തും ഒരുപോലെ സംഭവിക്കണമെന്നില്ല. ഇതൊരു പൊതു സൂചനയായേ കണക്കാക്കാനാവൂ. മാത്രമല്ല, ഭാവിയിൽ എന്തു സംഭവിക്കും എന്നത് ഭാവിയിൽ മനുഷ്യസമൂഹം എങ്ങനെ പെരുമാറും എന്നതിനെ ആശ്രയിച്ചിരിക്കുമല്ലോ. അതുകൊണ്ട് അവരുടെ പ്രവചനത്തെ ഒരു വഴികാട്ടിയായി മാത്രം എടുത്താൽ മതി. അതിനെ ഏറ്റവും കുറഞ്ഞ പ്രത്യാഘാതമായി കാണുന്നതാവും നമുക്കു നല്ലത്. അത്രയുമെങ്കിലും ഉണ്ടാവും എന്നു പ്രതീക്ഷിക്കുകയും അതിനു തയാറാവുകയും ചെയ്താൽ അത്രയും ഉണ്ടായില്ലെങ്കിലും നമുക്കു നേരിടാമല്ലോ.

ആവാസവ്യവസ്ഥ, ഭക്ഷണം, കടല്‍ത്തീരങ്ങള്‍, വ്യവസായം, സമൂഹം, ആരോഗ്യം, ജലം എന്നീ മേഘലകളിലാണ് പ്രശ്നങ്ങൾ രൂക്ഷമായി ഉണ്ടാകാൻപോകുന്നത് എന്നാണ് അവരുടെ കണ്ടെത്തൽ. നമുക്ക് ഇവ ഓരോന്നായി പരിശോധിക്കാം.

1) ആവാസവ്യവസ്ഥ:

പല ആവാസവ്യവസ്ഥകള്‍ക്കും പിടിച്ചു നില്ക്കാനാവാതെ വരാന്‍ സാധ്യതയുണ്ട്. 20 മുതല്‍ 30% വരെ ചെടികളും മൃഗങ്ങളും വംശനാശം നേരിടാനുള്ള സാധ്യത കൂടുന്നു. ആവാസവ്യവസ്ഥകളില്‍ നിന്നു ലഭിക്കുന്ന വസ്തുക്കള്‍ക്കും സേവനങ്ങള്‍ക്കും (ഉദാ: ഭക്ഷണം, ജലം) പൊതുവെ ദോഷകരമായ പ്രത്യാഘാതങ്ങളുണ്ടാകും. ഇതു കേരളത്തിൽ എങ്ങനെ പ്രതിഫലിക്കാം?

നമ്മുടെ പരിസ്ഥിതി ഇപ്പോഴേ ദുർബലാവസ്ഥയിലാണ്. വളരെ ലോലമായ നമ്മുടെ നാടിനോട് നാം പറ്റാവുന്ന ദ്രോഹമെല്ലാം പണ്ടേ ചെയ്തുകഴിഞ്ഞു. കാടുകളെപ്പോലും വെറുതേവിട്ടില്ല. കാടുകൾക്കു സമീപമുള്ള ഗ്രാമങ്ങളിൽ വന്യമൃഗങ്ങളുടെ ശല്യം നിരന്തരം ഉണ്ടാകുന്നതിന്റെ പ്രധാന കാരണം അവയുടെ ആവാസവ്യവസ്ഥയിൽ നാം കടന്നുകയറി നടത്തിയ ദ്രോഹങ്ങളാണ്. കുളങ്ങളും വയലുകളും മറ്റും എന്നേ നികത്തി, കാടുകൾ ഒരുപാടു വെട്ടിത്തെളിച്ചു. മലകളിടിച്ചുനിരത്തി, പാറക്കെട്ടുകൾ പൊളിച്ചു, പരിസരങ്ങൾ വൃത്തിഹീനമാക്കി, ജലമൊഴുകിപ്പോകാനൊ ഭൂമിയിലേക്ക് ഊർന്നിറങ്ങാനോ ഉള്ള സൌകര്യം പോലും നാമില്ലാതാക്കി. മഴപെയ്താൽ പ്രളയവും പെയ്തില്ലെങ്കിൽ വരൾച്ചയുമെന്ന അവസ്ഥയല്ലേ ഇപ്പോഴേ? ആഗോളതാപനവും കാലാവസ്ഥാവ്യതിയാനവും മൂത്തുവരുമ്പോൾ നാമിന്ന് അനുഭവിക്കുന്ന പ്രശ്നങ്ങൾ പതിന്മടങ്ങാകും എന്നതിനു സംശയമില്ല.

2) ഭക്ഷണം:

12ഓ ഡിഗ്രി ഊഷ്മാവു കൂടിയാലും പ്രാദേശികമായി കൃഷിയുടെ ഉല്‍പ്പാദനക്ഷമത കുറയാന്‍ സാധ്യത വിശേഷിച്ച് ഉഷ്ണമേഘലയിൽ. ആഗോളതലത്തില്‍, 1 മുതല്‍ 3 ഡിഗ്രി വരെ ഊഷ്മാവ് വര്‍ധിച്ചാല്‍ ഭക്ഷ്യോല്‍പ്പാദനത്തിനുള്ള സാധ്യത വര്‍ധിക്കും, വിശേഷിച്ച് മിതശീതോഷ്ണമേഘലയിൽ. പക്ഷെ ഊഷ്മാവ് പിന്നെയും ഉയര്‍ന്നാല്‍ ഉല്‍പ്പാദനക്ഷമത കുറയും. കേരളത്തിലെ കാര്യമോ?

നമ്മുടെ ഭക്ഷണത്തിന്റെ ഭൂരിഭാഗവും ഇന്നുതന്നെ അന്യസംസ്ഥാനങ്ങളിൽനിന്നാണ് ലഭിക്കുന്നത്. കാലാവസ്ഥാവ്യതിയാനത്തിന്റെ ഭാഗമായി കൃഷിയുടെ ഉൽപാദനക്ഷമത കുറഞ്ഞാൽ രണ്ടുതരം പ്രശ്നങ്ങളാണ് നാം നേരിടേണ്ടിവരിക. ഒന്നാമതായി, നമ്മൾ ഉൽപ്പാദിപ്പിക്കുന്ന ഭക്ഷ്യവസ്തുക്കളുടെ അളവു കുറയുക മാത്രമല്ല, നമുക്കിന്നു ഭക്ഷണം തരുന്ന തമിഴ് നാട്ടിലെയും ആന്ധ്രയിലെയും ഉൽപ്പാദനക്ഷമത കുറയും. കൂടുതൽ വടക്കുള്ള പ്രദേശങ്ങളിലെ ഉൽപ്പാദനക്ഷമത കൂടും എന്നതിനാൽ ദൂരെനിന്നും ഭക്ഷണപദാർത്ഥങ്ങളെല്ലാം കൊണ്ടുവരേണ്ടി വരും. അതിന്റേതായ പ്രശ്നങ്ങളെല്ലാമുണ്ടാകും. രണ്ടാമതായി, നമ്മുടെ പ്രധാനപ്പെട്ട നാണ്യവിളകളായ തേയില, റബ്ബർ, കുരുമുളക് തുടങ്ങിയവയുടെ ഉൽപ്പാദനക്ഷമത കുറയുന്നതിലൂടെ നമ്മുടെ വരുമാനവും കുറയും. കൃമികീടങ്ങളുടെ വിതരണത്തിൽ വരുന്ന വ്യത്യാസവും ഈ കൃഷിയിടങ്ങളെ ബാധിക്കും.

3) തീരങ്ങൾ:

തീരശോഷണമുള്‍പ്പെടെ വര്‍ധിച്ചുവരുന്ന പല അപകടസാധ്യതകൾ. 2080 ഓടുകൂടി ലക്ഷക്കണക്കിനു കൂടുതല്‍ മനുഷ്യര്‍ ഓരോ വര്‍ഷവും വെള്ളപ്പൊക്കം നേരിടേണ്ടി വരാം. അവർക്ക് ആശ്വാസമേകുക എന്നതുതന്നെ ലോകം നേരിടുന്ന വലിയ പ്രശ്നങ്ങളിലൊന്നായിത്തീരാം. ഇത് കേരളംപോലെ തീരത്തോടു ചേർന്നുകിടക്കുന്ന വീതികുറഞ്ഞ പ്രദേശത്തിന് വളരെ പ്രധാനപ്പെട്ടതാണെന്നു പ്രത്യേകം പറയേണ്ടതില്ലല്ലൊ. മാത്രമല്ല, തീരപ്രദേശത്താണ് ഏറ്റവുംകൂടുതൽ ജനസാന്ദ്രത എന്നതിനാൽ അവിടെ വല്ലതും സംഭവിച്ചാൽ കഷ്ടപ്പെടുന്ന ജനങ്ങൾ വളരെയധികമായിരിക്കും.


12_15_sealevel_left

ചിത്രം 3: 1870നും 2000നും ഇടയ്ക്ക് കടൽനിരപ്പിലുണ്ടായ മാറ്റം കാണിക്കുന്ന ഗ്രാഫ്. (കടപ്പാട്: http://climate.nasa.gov/vital-signs/sea-level/)

കഴിഞ്ഞ ഒന്നര നൂറ്റാണ്ടോളം കാലത്ത് സമുദ്രനിരപ്പിൽ ഉണ്ടായ മാറ്റമാണ് ചിത്രം 3ൽ കാണിച്ചിരിക്കുന്നത്. ഇത്രയും വർഷംകൊണ്ട് ഏതാനും സെന്റിമീറ്ററേ ഉയർന്നുള്ളൂ എന്ന് ആശ്വസിക്കാനാവില്ല. കാരണം ആഗോളതാപനത്തിന്റെ വേഗ കൂടിക്കൊണ്ടിരിക്കയാണെന്നാണ് സൂചനകളെല്ലാം. ഓരോ വർഷവും താപനിലയിൽ പുതിയ റെക്കോഡുണ്ടാവുകയാണ്. ഗ്രാഫിന്റെ ഗതി മുകളിലേക്കുതന്നെയാണ് എന്നതിനു സംശയമില്ല. താപനില വ്യാവസായികവിപ്ലവത്തിനു മുൻപുള്ള കാലത്തെക്കാൾ രണ്ടു ഡിഗ്രി കൂടിയാൽ ലോകത്തിലെ പല ദ്വീപുകളും സമുദ്രത്തിനടിയിലാകും എന്നു ഭയക്കുന്നു. സമുദ്രനിരപ്പുയരുന്നതുമൂലം പ്രശ്നങ്ങളുണ്ടാകുകയൊ കാര്യമായ അപകടത്തിൽ പെടുകയൊ ചെയ്യുന്ന നഗരങ്ങളുടെ കൂട്ടത്തിൽ അമേരിക്കയിലെ ന്യൂ ഓർലിയൻസ് മുതൽ മയാമി വരെയും ഏഷ്യയിൽ ഹോചിമിൻ സിറ്റി, കൊൽക്കത്ത, മുമ്പൈ, തുടങ്ങിയവയും ഉൾപ്പെടുന്നു (ചിത്രം 4 നോക്കൂ). താഴന്ന പ്രദേശങ്ങളിൽ സമുദ്രം കടന്നുകയറുമ്പോഴുണ്ടാകാവുന്ന മാനുഷികപ്രശ്നങ്ങളെപ്പറ്റി ചർച്ചചെയ്യാൻപോലും പ്രധാനരാഷ്ട്രങ്ങളൊന്നും തയാറാകുന്നില്ല എന്നാണ് ഐക്യരാഷ്ട്രസഭയിലെ ഉദ്യോഗസ്ഥർ പറയുന്നത്. അപകടപ്പെടാൻപോകുന്ന ദ്വീപുകളിലെ ജനങ്ങളൊഴികെ മറ്റെല്ലാവരും അടുത്തുവരുന്ന ഈ മാനുഷികപ്രതിസന്ധിയെ ആകെ അവഗണിക്കുകയാണെന്നാണ് വാർത്തകൾ സൂചിപ്പിക്കുന്നത്.4 UNFCCC സമ്മേളനങ്ങൾ നടന്ന പല വേദികളിലും അത്തരം ദേശങ്ങളിൽനിന്നുള്ള ജനങ്ങൾ എത്തുകയും പ്രതിഷേധപ്രകടനങ്ങൾ നടത്തുകയും ചെയ്തു. ഇതൊന്നും നാമറിഞ്ഞതുമില്ല നമ്മുടെ ചർച്ചാവിഷയമായതുമില്ല. ഇത്രവളരെ സ്ഥലങ്ങളിൽ കടൽ കടന്നുകയറുകയും അവിടെ ജീവിച്ചിരുന്ന ജനങ്ങൾക്ക് അവരുടെ വീടും സ്ഥലവും നഷ്ടമാവുകയും ചെയ്താൽ അതുണ്ടാക്കാൻപോകുന്ന മാനുഷിസംഘർഷത്തെപ്പറ്റി സങ്കല്പിക്കാനേ കഴിയൂ.

cities-at-risk

ചിത്രം 4: കാലാവസ്ഥാവ്യതിയാനം അപകടപ്പെടുത്താൻ ഏറ്റവുമധികം സാധ്യതയുള്ള 20 നഗരങ്ങൾ. (കടപ്പാട്: https://www.theguardian.com/cities/2016/oct/14/global-sea-levels-rising-fast-cities-most-at-risk-flooding-un-habitat#img-2)

ഭൂമിശാസ്ത്രജ്ഞർ കേരളത്തെ മൂന്നു പ്രദേശങ്ങളായി തിരിക്കാറുണ്ട്. സമുദ്രനിരപ്പിൽ നിന്നു പത്തുമീറ്റർവരെ ഉയരമുള്ള പ്രദേശത്തെ തീരദേശമെന്നും പത്തുമീറ്റർ മുതൽ 75 മീറ്റർവരെ ഉയരമുള്ള പ്രദേശത്തെ ഇടനാടെന്നും അതിലും ഉയരമുള്ള പ്രദേശത്തെ മലനാടെന്നും. ആ തരംതിരിവനുസരിച്ച് തീരദേശത്തിന്റെ വലിയൊരു ഭാഗം ഈ നൂറ്റാണ്ടിൽത്തന്നെ കടലിനടിയിലാകാനുള്ള സാധ്യതയുണ്ട്. ഇങ്ങനെ സംഭവിച്ചാൽ ഉണ്ടാകാവുന്ന പ്രശ്നങ്ങൾ സങ്കല്പിക്കാമല്ലോ.

4) വ്യവസായം, സമൂഹം

വ്യവസായവും അധിവാസി സമൂഹങ്ങളും ഏറ്റവുമധികം ബുദ്ധിമുട്ടു നേരിടാൻപോകുന്നത് അസാധാരണമായ ദിനാവസ്ഥകളിൽനിന്നാണ്. ശക്തമായ മഴയും വരൾച്ചയും, ഉയർന്ന അന്തരീക്ഷതാപനില, തുടങ്ങിയ അസാധാരണമായ സാഹചര്യങ്ങൾ എല്ലാവരെയും ബാധിക്കുമെങ്കിലും വികസ്വരരാഷ്ട്രങ്ങളിൽ, വിശേഷിച്ച് അടിസ്ഥാനസൗകര്യങ്ങൾ കുറവുള്ളയിടങ്ങളിൽ അവയുടെ ആഘാതം സ്വാഭാവികമായി കൂടുതലായിരിക്കും. കടല്‍ത്തീരങ്ങളിലും നദീതടങ്ങളിലും കഠിനമായ കാലാവസ്ഥയുള്ള ഇടങ്ങളിലും വസിക്കുന്നവരാണ് ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടുകള്‍ നേരിടുക. സാമ്പത്തികമായി പിന്നിട്ടു നില്‍ക്കുന്നവര്‍, വിശേഷിച്ച് അപകടസാധ്യത കൂടുതലുള്ള ഇടങ്ങളില്‍ താമസിക്കുന്നവര്‍, കൂടുതല്‍ ബുദ്ധിമുട്ടനുഭവിക്കും എന്നതു വ്യക്തം.

കേരളത്തിൽ ഒരുപക്ഷെ ഏറ്റവുമധികം കഷ്ടപ്പെടാൻ പോകുന്നവർ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് തീരങ്ങളിൽ ജീവിക്കുന്നവരും എല്ലാ തരത്തിലുമുള്ള കർഷകരും ആദിവാസികളും ആവാം. ജലാശയങ്ങളുടെയും സമുദ്രത്തിന്റെയും മറ്റും തീരങ്ങളിൽ നിയമത്തെ അവഗണിച്ചുകൊണ്ട് വ്യവസായസ്ഥാപനങ്ങളൊ വാണിജ്യസ്ഥാപനങ്ങളൊ പണിതവർക്കു കാര്യമായ നഷ്ടമുണ്ടാകാം. ശക്തമായ മഴ കൂടുതലുണ്ടാകും എന്നതിനാൽ ഇപ്പോൾത്തന്നെ പ്രളയമനുഭവിക്കുന്ന പ്രദേശങ്ങളിൽ പ്രശ്നം കൂടുതൽ രൂക്ഷമാകും. ഭക്ഷണം, ജലം, തൊഴിൽ, തുടങ്ങി പല രംഗങ്ങളിൽ പ്രശ്നങ്ങളുണ്ടാകുന്നത് സമൂഹത്തിലെല്ലാവർക്കും ജീവിതം കഷ്ടതരമാക്കും.

5) ആരോഗ്യം

രോഗങ്ങൾ, മരണം, കഠിനമായ കാലാവസ്ഥ മൂലമുണ്ടാകാവുന്ന അപകടങ്ങൾ, വയറിളക്കം, നഗരപ്രദേശങ്ങളിലെ ഹൃദയശ്വാസകോശ രോഗങ്ങള്‍ എന്നിവ വര്‍ധിക്കും. രോഗങ്ങളുടെ വിതരണത്തില്‍ മാറ്റമുണ്ടാകും. വിദ്യാഭ്യാസവും ആരോഗ്യസംരക്ഷണവും അതിപ്രധാനമാകും.

മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് മെച്ചപ്പെട്ട പൊതുജനാരോഗ്യ സംവിധാനമാണ് കേരളത്തിലുള്ളത്. എന്നാലും ഇത്തരമൊരു മാറ്റത്തെ നേരിടാൻ പര്യാപ്തമാണോ അത് എന്നു സംശയമുണ്ട്. മാത്രമല്ല, മാറ്റങ്ങൾ എങ്ങനെയാകാം എന്നു ഗവേഷണം നടത്തി അതിനുള്ള തയാറെടുപ്പുകൾ തുടങ്ങേണ്ടതുണ്ട്. അതൊന്നും നാം ചെയ്തുതുടങ്ങിയതായി അറിവില്ല.

6) ജലം

താപനിലയിലും മഴയിലും ഉണ്ടാകാവുന്ന മാറ്റം കാരണം ഒഴുകിപ്പോകുന്ന മഴവെള്ളം 10 മുതല്‍ 40% വരെ വര്‍ധിക്കാം. ജലസേചനത്തിനു കൂടുതല്‍ വെള്ളം ആവശ്യമായി വരും. ശക്തമായ മഴയും അതുകൊണ്ടുള്ള വെള്ളപ്പൊക്കവും വര്‍ധിക്കാം. അത് നമ്മുടെ പല സംവിധാനങ്ങളെയും വെള്ളത്തിന്റെ ഗുണനിലവാരത്തെയും ശുദ്ധജല മത്സ്യത്തെയും ബാധിക്കാം. കടലിലെ വര്‍ധിച്ച അമ്ല‌‌ത മത്സ്യസമ്പത്തിനെ ബാധിക്കാം.

കേരളത്തിൽ ഇപ്പോൾത്തന്നെ മഴപെയ്താൽ പ്രളയവും പെയ്തില്ലെങ്കിൽ വരൾച്ചയും എന്ന സ്ഥിതിയാണ്. ദിവസക്കൂലിയിൽ ജീവിക്കുന്നവരെപ്പോലെയാണ് നമ്മുടെ സമൂഹം ജലത്തിന്റെ കാര്യത്തിൽ. ജലം ശേഖരിച്ചുവയ്ക്കുകയും അത് ഭൂമിയിലേക്കിറങ്ങി ക്രമേണയായി പുറത്തെടുത്ത് ഉപയോഗിക്കുകയും ചെയ്യാൻ സഹായിച്ചിരുന്ന കുളങ്ങൾ, തടാകങ്ങൾ, വനങ്ങൾ തുടങ്ങിയവ നാം വികസനത്തിന്റെ പേരിൽ ഇല്ലാതാക്കി. കാലാവസ്ഥാവ്യതിയാനം മൂലം കിട്ടുന്നതു കൂടുതലും ശക്തമായ മഴയാകുമ്പോൾ ജലം ഭൂമിയിൽ താഴാതെ ഒഴുകിപ്പോകാനുള്ള സാധ്യത കൂടുകയേയുള്ളൂ. അതോടൊപ്പം മഴയുടെ അളവു കുറയുകയും വരൾച്ച കൂടുതൽ കഠിനമാകുകയുംകൂടി ആകുമ്പോൾ കുടിക്കാനും ഭക്ഷണം പാകംചെയ്യാനും പോലുമുള്ള വെള്ളം ലഭിക്കുമോ എന്നു കണ്ടറിയണം. ഇനി കാലവർഷത്തെക്കൂടി ഈ പ്രതിഭാസം ബാധിച്ചാലത്തെ കാര്യം പറയേണ്ടതില്ലല്ലോ.

നമുക്കെന്തു ചെയ്യാനാവും


earth_lights_vs_population_density

ചിത്രം 5: വൈദ്യുതവിളക്കുകളുടെ ഉപയോഗവും (പച്ച) ജനസാന്ദ്രതയും (ചെമപ്പ്) ആഫ്രിക്കയിലും സൈബീരിയയിലും മറ്റും രണ്ടും കുറവാണ്. എന്നാൽ ജനസാന്ദ്രത കൂടുതലുള്ള ഇന്ത്യപോലുള്ള ചില പ്രദേശങ്ങളിൽ ഊർജ്ജത്തിന്റെ ഉപഭോഗം കുറവാണെന്നു കാണാം. ഊർജ്ജം കൂടുതലുപയോഗിക്കുന്നത് ജനസാന്ദ്രത കുറഞ്ഞ വ്യാവസായികമായി വളർന്ന രാജ്യങ്ങളാണെന്നു ചിത്രം കാണിക്കുന്നു.ചിത്രം 4: വൈദ്യുതവിളക്കുകളുടെ ഉപയോഗവും (പച്ച) ജനസാന്ദ്രതയും (ചെമപ്പ്) ആഫ്രിക്കയിലും സൈബീരിയയിലും മറ്റും രണ്ടും കുറവാണ്. എന്നാൽ ജനസാന്ദ്രത കൂടുതലുള്ള ഇന്ത്യപോലുള്ള ചില പ്രദേശങ്ങളിൽ ഊർജ്ജത്തിന്റെ ഉപഭോഗം കുറവാണെന്നു കാണാം. ഊർജ്ജം കൂടുതലുപയോഗിക്കുന്നത് ജനസാന്ദ്രത കുറഞ്ഞ വ്യാവസായികമായി വളർന്ന രാജ്യങ്ങളാണെന്നു ചിത്രം കാണിക്കുന്നു.

ആഗോളതാപനവും കാലാവസ്ഥാവ്യതിയാനവും തുടങ്ങിയതും വഷളാക്കിയതും ഭൂമിയിലെ വിഭവങ്ങളുടെ അനിയന്ത്രിതമായ ഉപഭോഗമാണ്. ഇതു തുടങ്ങിവച്ചത് വ്യാവസായികവിപ്ലവവും. ഫോസിൽ ഇന്ധനങ്ങളുടെ ഉപഭോഗത്തിലും കാർബൺ ഡയോക്സൈഡ് വമിപ്പിക്കുന്നതിലും മുൻപന്തിയിൽ നിൽക്കുന്നത് ചൈനയും ഇന്ത്യയുമാണ്. ഇതു സ്വാഭാവികമാണ്, കാരണം ജനസംഖ്യതന്നെ. എന്നാൽ പ്രതിശീർഷ ഉപഭോഗത്തിൽ മുന്നിൽനിൽക്കുന്നത് വികസിതരാജ്യങ്ങളാണ്. ജനസാന്ദ്രതയും (ചെമന്ന പൊട്ടുകൾ) ഊർജ്ജോപഭോഗവും (പച്ച പൊട്ടുകൾ) ചിത്രം 5ൽ കാണിച്ചിരിക്കുന്നു. ജനസാന്ദ്രത തീരെ കുറഞ്ഞ ആഫ്രിക്കയും സൈബീരിയയും പോലുള്ള പ്രദേശങ്ങൾ ഒഴിവാക്കിയാൽ, ഊർജ്ജോപഭോഗം കൂടുതലുള്ളത് ജനസാന്ദ്രത കുറഞ്ഞ, വ്യാവസായികമായി വളർന്ന രാജ്യങ്ങളിലാണെന്നു കാണാം. ഊർജ്ജോപഭോഗത്തെ വികസനത്തിന്റെ ഒരു സൂചികയായിപ്പോലും കണക്കാക്കാറുണ്ട്. ഇതെല്ലാം കാരണം കാലാവസ്ഥാവ്യതിയാനത്തെ നിയന്ത്രിച്ചുനിർത്താൻ നമുക്കാവില്ല. അതിനു ലോകരാഷ്ട്രങ്ങളെല്ലാം, വിശേഷിച്ച് വികസിതരാഷ്ട്രങ്ങൾ, ഒന്നിച്ചു ശ്രമിക്കണം. അതു സാധ്യമാക്കാനാണ് ഐക്യരാഷ്ട്രസഭ പരിശ്രമിച്ചത്. എന്നാൽ വികസിതവികസ്വരരാഷ്ട്രങ്ങൾ തമ്മിലുണ്ടായ തർക്കങ്ങളും ചില വികസിതരാഷ്ട്രങ്ങളുടെ സ്വാർത്ഥതയും നിമിത്തം അത് പരാജയപ്പെട്ട നിലയിലാണ്. പുതിയ അമേരിക്കൻ രാഷ്ട്രപതി പറഞ്ഞതുപോലെ, പാരിസിൽ മെനഞ്ഞെടുത്ത ദുർബലമായ ഒത്തുതീർപ്പിൽനിന്നുപോലും പിന്മാറുകയാണെങ്കിൽ ലോകത്തിലെ പല രാജ്യങ്ങളുടെതന്നെ അന്ത്യമായിത്തീരാം അത്.

അതുകൊണ്ട് കാലാവസ്ഥാവ്യതിയാനത്തെ നിയന്ത്രിക്കാനോ തടയാനോ നമുക്കു കാര്യമായി ഒന്നും ചെയ്യാനാവില്ല. എന്നാൽ, ഏറ്റവുമധികം കാർബൺ ഡയോക്സൈഡ് വമിപ്പിക്കുന്ന രാജ്യങ്ങളിലൊന്ന് എന്ന നിലയ്ക്ക്, അനാവശ്യമായി ഇന്ധനം എരിക്കുന്നത് നിയന്ത്രിക്കുന്നതിലൂടെ നമുക്കു നമ്മുടേതായ ചെറിയ സംഭാവന ചെയ്യാനാകും. ഇതിൽ സർക്കാരുകൾക്കും വ്യക്തികൾക്കും ചെയ്യാവുന്ന കാര്യങ്ങളുണ്ട്. സ്വകാര്യവാഹനങ്ങളുടെ ഉപയോഗം കുറയ്ക്കാനായി പൊതുഗതാഗതസംവിധാനങ്ങൾ മെച്ചപ്പെടുത്തുക എന്നത് സർക്കാരുകൾക്ക് ചെയ്യാവുന്ന കാര്യമാണ്. പൊതുഗതാഗതസൗകര്യത്തെ പ്രോത്സാഹിപ്പിക്കാനും സ്വകാര്യവാഹനങ്ങൾ ഉപയോഗിക്കുന്നത് നിരുത്സാഹപ്പെടുത്താനും നിയമവും കരങ്ങളും വഴി പലതും സാധിക്കും. വായുമലിനീകരണം കുറയ്ക്കാനും നിരത്തുകളിലെ തിരക്കും അപകടങ്ങളും കുറയ്ക്കാനുംകൂടി ഇതു സഹായിക്കും എന്ന ചില ഗുണങ്ങളുമുണ്ട് ഈ നടപടിക്ക്.

അതേസമയം കാലാവസ്ഥാവ്യതിയാനം എന്തെല്ലാം പ്രശ്നങ്ങളാവാം നമ്മുടെ മുന്നിൽവയ്ക്കുന്നത് എന്ന് ശാസ്ത്രീയമായി വിലയിരുത്തുകയും അവയെ നേരിടാനായി നടപടികൾ കണ്ടുപിടിച്ച് നടപ്പിലാക്കുകയും ചെയ്യാവുന്നതാണ്, പണ്ടേ ചെയ്തു തുടങ്ങേണ്ടതായിരുന്നു. അവ എന്തെല്ലാമാണ് എന്ന് ചുരുക്കത്തിൽ പരിശോധിക്കാം.

ആവാസവ്യവസ്ഥ:

നാം നമ്മുടെ പരിസ്ഥിതിക്ക് കുറേക്കൂടി പ്രാധാന്യം കൊടുക്കണം. അത് പരിസരശുചിത്വവും മാലിന്യനിർമ്മാർജ്ജനവും മുതൽ മഴവെള്ളസംഭരണവും നീർത്തടങ്ങളുടെ സംരക്ഷണവും തുടങ്ങി വനസംരക്ഷണം വരെ നീളണം. വർഷങ്ങൾക്കുമുമ്പ് മുംബൈയിലും അടുത്തകാലത്ത് ചെന്നൈയിലും ഉണ്ടായ പ്രളയത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന് അവിടത്തെ സ്വാഭാവികമായ നീർച്ചാലുകൾ കെട്ടിടം നിമ്മിച്ചു തടഞ്ഞതാണ് എന്നോർക്കണം. അത്തരം അനിയന്ത്രിതമായ നിയമലംഘനങ്ങൾ നാമിനി അനുവദിച്ചുകൂട. നിയമലംഘനങ്ങൾ നടന്നിട്ടുള്ള ഇടങ്ങളിൽ അവ നിയമവിധേയമായി മാറ്റണം.

ഭക്ഷണം:

നമുക്കാവശ്യമുള്ള ഭക്ഷ്യവസ്തുക്കൾക്ക് പുതിയ സ്രോതസ്സുകൾ കണ്ടെത്തേണ്ടി വരാം. കഴിയുന്നത്ര ഇവിടെ കൃഷിചെയ്യാനായി ശ്രമിക്കണം. നഗരങ്ങളിലെ ചെറിയ ടെറസ് ഗാർഡനുകൾ മുതൽ ഗ്രാമങ്ങളിൽ പച്ചക്കറിത്തോട്ടങ്ങൾ വരെ പ്രോത്സാഹിപ്പിക്കണം. ഇതിനെല്ലാം ആവശ്യമായ ജലം സംഭരിക്കാനുള്ള സംവിധാനങ്ങളും ആസൂത്രണംചെയ്യണം. താപനില ഉയരുമ്പോൾ ആ താപനിലയിൽ ഉല്പാദനക്ഷമത കൂടുതലുള്ള പുതിയ സസ്യവർഗ്ഗങ്ങൾ കണ്ടെത്താനുള്ള ശ്രമങ്ങൾ ഗവേഷകർ തുടങ്ങണം. നാണ്യവിളകളുടെ കാര്യത്തിലും ഇത് ആവശ്യമാണ്.

കടല്‍ത്തീരങ്ങള്‍:

സമുദ്രനിരപ്പ് ഒന്നോ രണ്ടോ മൂന്നോ മീറ്റർ ഉയർന്നാൽ തീരത്ത് എവിടെവരെ കടൽ കയറും എന്നു കണ്ടുപിടിക്കുകയും ആ ഭാഗത്തു ജീവിക്കുന്നവർക്ക് അപകടങ്ങളിൽനിന്ന് ഒഴിവാകാനുള്ള സൗകര്യങ്ങൾ ആസൂത്രണം ചെയ്യുകയും വേണം. കടലിലെ ചില മത്സ്യങ്ങളെങ്കിലും ചൂടുകൂടുമ്പോൾ കൂടുതൽ വടക്കുള്ള ഭാഗങ്ങളിലേക്ക് കുടിയേറാൻ സാധ്യതയുണ്ട്. അതു സംഭവിച്ചുതുടങ്ങിയതായി ചില സൂചനകളുമുണ്ട്. ഇതിലെല്ലാം ഗവേഷണപഠനങ്ങൾ ആവശ്യമാണ്.

വ്യവസായം, സമൂഹം:

തീരങ്ങളിൽ വസിക്കുന്നവർക്ക് കുറെക്കൂടി സുരക്ഷിതമായ സ്ഥലങ്ങളിലേക്കു മാറാനുള്ള സൌകര്യങ്ങളുണ്ടാവണം. തീരങങളിലും പ്രളയമുണ്ടാവാൻ സാധ്യതയുള്ള താഴ്ന്ന പ്രദേശങ്ങളിലും സ്ഥാപിച്ചിരിക്കുന്ന വ്യവസായസ്ഥാപനങ്ങൾ മാറ്റിസ്ഥാപിക്കണം. മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിരിക്കുന്നവരാവാം ഏറ്റവുമധികം കഷ്ടപ്പെടാൻ സാധ്യത എന്നതിനാൽ അവർക്കുണ്ടാകാവുന്ന പ്രശ്നങ്ങൾ മുൻകൂട്ടി പഠിച്ച് പരിഹാരം കാണണം. തീവ്രമായ ദിനാവസ്ഥകളെയും ശക്തമായ മഴ, കഠിനമായ വരൾച്ച, തുടങ്ങിയ പ്രശ്നങ്ങളെ നേരിടാനായി തയാറെടുക്കണം. ഇതിന് സർക്കാരുകളും നമ്മുടെ ഗവേഷകരും പൊതുജനങ്ങളും ശ്രമിക്കേണ്ടതുണ്ട്.

ആരോഗ്യം:

ഇപ്പോൾത്തന്നെ നമ്മുടെ ആരോഗ്യമേഖല അത്രതന്നെ കാര്യക്ഷമമല്ല. കൂടാതെ ആരോഗ്യത്തെ ബാധിക്കുന്ന പല ശീലങ്ങളും നാം ഉപേക്ഷിച്ചിട്ടില്ല. അവയിൽ പ്രധാനപ്പെട്ട ഒന്നാണ് തുറന്നയിടങ്ങളിലും പൊതു നിരത്തുകളിലും മാലിന്യം കത്തിക്കുന്ന ശീലം. പൊതുജനത്തിന്റെ ആരോഗ്യം സംരക്ഷിക്കാനായി പുകവലി നിരോധിച്ചിട്ടുണ്ടെങ്കിലും പൊതുനിരത്തുകളിൽ മാലിന്യക്കൂമ്പാരങ്ങൾക്കു തീയിടുന്നത് നിത്യക്കാഴ്ചയാണ്. പലപ്പോഴും, മാലിന്യനിർമ്മാർജ്ജനം പ്രധാന കർത്തവ്യമായുള്ള മുനിസിപ്പാലിറ്റികൾ തന്നെയാണ് ഇതു ചെയ്യുന്നതും. ശബ്ദമലിനീകരണനിയന്ത്രണത്തിന് ദശാബ്ദങ്ങൾക്കുമുമ്പേ നിയമം ഉണ്ടാക്കിയെങ്കിലും ഇന്നും വളരെ ഉയർന്ന ശബ്ദത്തിൽ പലരും നിർബാധം പരിപാടികൾ നടത്തുന്നു. എന്തിനേറെ, സിനിമാശാലകളിൽ വലിയ ശബ്ദങ്ങൾ ആരോഗ്യത്തിനു ഹാനിവരുത്തും എന്ന സർക്കാർ പരസ്യത്തിനു തൊട്ടുപുറകെ വളരെ ഉച്ചത്തിലായി ചലച്ചിത്രം പ്രദർശിപ്പിക്കുന്നതു കാണാം.

രോഗങ്ങളുടെ വിതരണത്തിൽ മാറ്റംവരുമെന്ന് IPCC പ്രവചിച്ചിട്ടുണ്ട്. ആ മാറ്റം കേരളത്തിൽ എങ്ങനെയാവും എന്നു കണ്ടുപിടിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. ഇതിന് സൂക്ഷ്മമായ പഠനങ്ങളാണ് ആവശ്യം. അതിനുള്ള പണം സർക്കാരുകൾ കണ്ടെത്തണം. അതിനാവശ്യമായ വൈദഗ്ദ്ധ്യം ഇന്ത്യയിലുണ്ട് എന്നു കരുതാം. കീടങ്ങളുടെയും രോഗാണുക്കളുടെയും വിതരണത്തിലും സൂക്ഷ്മദിനാവസ്ഥയിലും (microclimate) മാറ്റങ്ങളുണ്ടാകാം എന്നാവണം ഇതിന്റെ സൂചന. ഇതിനെല്ലാം ആദ്യം ആവശ്യമായത് പഠനങ്ങളാണ്.

ജലം:

ജലം ഇപ്പോൾത്തന്നെ പ്രശ്നമാണ്. മഴപെയ്താൽ പ്രളയവും മഴനിന്നാൽ വരൾച്ചയുമാണ്. അതിനു മാറ്റംവരുത്താനായിട്ടുപോലും നാമിതുവരെ ഒന്നും ചെയ്തില്ല. ഇനി അമാന്തിച്ചാൽ, വെള്ളംകുടിക്കാതെ മരിക്കേണ്ടതായി വരാം. മഴക്കൊയ്ത്ത് എല്ലാ കെട്ടിടങ്ങളിലും നിർബ്ബന്ധമാക്കണം. നീർത്തടങ്ങൾ സംരക്ഷിക്കണം. കുളങ്ങളും തടാകങ്ങളും പുതുതായി സൃഷ്ടിക്കണം. കൃഷിക്ക് കൂടുതൽ കാര്യക്ഷമമായി വെള്ളമുപയോഗിക്കാനുള്ള സംവിധാനങ്ങൾ കണ്ടെത്തണം. ഗാർഹികോപയോഗത്തിനുള്ള ജലം പുനർചംക്രമണം ചെയ്യാനുള്ള മാർഗ്ഗങ്ങൾ കണ്ടെത്തി നടപ്പാക്കണം.

നമുക്കു ചെയ്യാനുള്ള പല കാര്യങ്ങളും പുതുതായി കണ്ടുപിടിക്കേണ്ടതല്ല, മറ്റു ചിലയിടങ്ങളിൽ ഇപ്പോഴേ നിലവിലുള്ളതാണ്. എന്നാൽ മറ്റുചില കാര്യങ്ങൾ നാംതന്നെ കണ്ടെത്തേണ്ടതാണ്. അതിനുള്ള ഗവേഷണങ്ങളും പഠനങ്ങളും പണ്ടേ തുടങ്ങേണ്ടതായിരുന്നു. ഇനിയും വൈകിയാൽ, ഏതാനും ദശാബ്ദത്തിനുള്ളിൽ സംസ്ഥാനത്ത് ജീവിതം അസാദ്ധ്യമായിത്തീരാം.

2ക്ലോറോഫ്ലൂറോ കാർബണുകൾ (CFCs) എന്നത് റഫ്രിജറേറ്ററുകളിലും മറ്റും ഉപയോഗിച്ചിരുന്നതും ഓസോൺപാളിക്കു ഹാനികരമായതുമായ വാതകങ്ങളാണ്.

3വാസ്തവത്തിൽ എല്ലാ വാതകങ്ങളും ചേർന്നുള്ള ഹരിതഗൃഹപ്രഭാവത്തെ കാർബൺ ഡയോക്സൈഡ് മാത്രം മൂലമായി കണക്കാക്കിയാൽ അതിനെത്ര കാർബൺ ഡയോക്സൈഡ് വേണ്ടിവരും എന്നുള്ള ഒരു കണക്കാണ് സൗകര്യത്തിനായി ഉപയോഗിക്കുന്നത്.