കാലാവസ്ഥാവ്യതിയാനം: ആത്മഹത്യാപരമായ നിഷ്‌ക്രിയത്വം

(മാതൃഭൂമി ഓൺലൈനിൽ 2016 ഏപ്രിലിൽ പ്രസിദ്ധീകരിച്ച ലേഖനം)

ഇന്നു ജനങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമെന്താണു്? മാധ്യമങ്ങളില്‍ നോക്കിയാല്‍ അതു വരാനിരിക്കുന്ന തെരഞ്ഞെടുപ്പാണെന്നേ തോന്നൂ. ചിലപ്പോള്‍ അതുപോലുമല്ല. ചില രാഷ്ട്രീയക്കാരുടെയും പിന്നെ ചില സ്വാര്‍ത്ഥതാല്പര്യക്കാരുടെയും വ്യക്തിജീവിതവും അവരുടെ കിടപ്പറരഹസ്യങ്ങളുമാണു് ഇന്നു് ജനം ഏറ്റവുമധികം ശ്രദ്ധിക്കേണ്ടതും ചര്‍ച്ചചെയ്യേണ്ടതും എന്നാണു് ചില മാധ്യമങ്ങളെങ്കിലും കരുതുന്നതു്. പിന്നെയെന്താണു് ഇന്നു കേരളത്തിലെയിലെയും ഇന്ത്യയിലെയും ജനങ്ങളെ അലട്ടുന്ന ഏറ്റവും വലിയ പ്രശ്നം?

മാധ്യമങ്ങളെല്ലാം മാറ്റിവച്ചിട്ടു് ചിന്തിച്ചു നോക്കൂ. ഏറ്റവും കൂടുതലായി നാമെല്ലാം സംസാരിക്കുന്നതു് എന്തിനെപ്പറ്റിയാണു്? സഹിക്കാവുന്നതിലപ്പുറമായ ചൂടു്, അല്ലേ? എല്ലാ വര്‍ഷവും ചിലരെങ്കിലും പരാതിപ്പെടാറുണ്ടു് ചൂടിനെപ്പറ്റി. ചിലപ്പോള്‍ നിര്‍ത്താതെ പെയ്യുന്ന മഴയെപ്പറ്റിയും. പക്ഷെ ഈവര്‍ഷം ചൂടിന്റെ കാര്യത്തിലെങ്കിലും അഭിപ്രായവ്യത്യാസമുണ്ടാവുമെന്നു തോന്നുന്നില്ല. പാമരനും പണ്ഡിതനും തൊഴിലാളിയും മുതലാളിയും ഒരുപോലെ പരാതിപ്പെടുന്ന കാര്യമാണു് ഈവര്‍ഷത്തെ ഉഷ്ണം. ഇതെന്താണിങ്ങനെയൊരു ഉഷ്ണം? കാലാവസ്ഥാവ്യതിയാനം എന്ന കാര്യത്തെപ്പറ്റി കേള്‍ക്കാത്തവര്‍ ഇന്നു കേരളത്തിലെങ്കിലും അപൂര്‍വ്വമാണു്. എന്താണു് കാലാവസ്ഥാവ്യതിയാനം? അതിനു നാമെന്തു ചെയ്യണം? എന്തു ചെയ്തു? ഇക്കാര്യങ്ങള്‍ നമുക്കു പരിശോധിക്കാം.

ഇന്നു ലോകത്താകമാനം ചര്‍ച്ചചെയ്യപ്പെടുന്ന ഒരു വിഷയമാണു് കാലാവസ്ഥാവ്യതിയാനം. മനുഷ്യരുടെ പ്രവൃത്തിയുടെ ഫലമായുണ്ടാകുന്ന കാലാവസ്ഥാമാറ്റങ്ങളാണു് ആ വാക്കുകൊണ്ടു് പ്രധാനമായി ഉദ്ദേശിക്കുന്നതു്. പെട്രോളിയം കത്തിക്കുകയും കാടുവെട്ടിത്തെളിക്കുകയും മറ്റും ചെയ്യുന്നതിലൂടെ അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡയോക്സൈഡിന്റെ അളവു് വര്‍ദ്ധിക്കുന്നു. ഇതു്, ഒരു കമ്പിളിപ്പുതപ്പുപോലെ, ചൂടു് പുറത്തേക്കു് പോകുന്നതു് തടയുന്നു. അങ്ങനെ അന്തരീക്ഷത്തിന്റെ താപനില വര്‍ദ്ധിക്കുന്നു. ഇതിനു ഭൗമതാപനം എന്നു പറയുന്നു. കാര്‍ബണ്‍ ഡയോക്സൈഡ് കൂടാതെ നീരാവി, മീഥെയ്‌ന്‍, ഓസോണ്‍ തുടങ്ങിയ, ഹരിതഗൃഹവാതകങ്ങള്‍ എന്നറിയപ്പെടുന്ന ചില വാതകങ്ങള്‍ക്കും ഈ സ്വഭാവമുണ്ടു്. ഇക്കൂട്ടത്തില്‍ ഭൗമതാപനത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ടതു് കാര്‍ബണ്‍ ഡയോക്സൈഡാണു്. ഭൂമിയിലെല്ലായിടത്തും ജീവനാവശ്യമായ ചൂടു് നിലനിര്‍ത്തണമെങ്കില്‍ ഈ വാതകങ്ങള്‍ ആവശ്യവുമാണു്. എന്നാല്‍ , “അധികമായാല്‍ അമൃതും വിഷം” എന്നു പറയാറുള്ളതുപോലെ, ഹരിതഗൃഹവാതകങ്ങളുടെ അളവു് അധികമായാല്‍ അന്തരീക്ഷത്തിന്റെ ചൂടും കൂടും. ഇതാണു് കാലാവസ്ഥാവ്യതിയാനത്തിലേക്കു് നയിക്കുന്നതു്.

ഭൗമതാപനം സംഭവിക്കുന്നതു് സാവധാനത്തിലാണു്. പക്ഷെ, ഭൂമിയുടെ ശരാശരി താപനില വര്‍ദ്ധിക്കുന്നതു് കൂടുതല്‍ വേഗത്തിലായിക്കൊണ്ടിരിക്കയാണെന്നു് പഠനങ്ങള്‍ സൂചിപ്പിക്കുന്നുണ്ടു്. അന്തരീക്ഷത്തിന്റെ താപനില വര്‍ദ്ധിക്കുന്നതു് മറ്റു പലതിനെയും ബാധിക്കുന്നുണ്ടു് എന്നു് വ്യക്തമായിട്ടുണ്ടു്. അവയില്‍ പ്രധാനപ്പെട്ട ചിലവയാണു് കടല്‍നിരപ്പുയരുക, ആകെ ലഭിക്കുന്ന മഴയുടെ അളവു് കുറയുക, ശക്തമായ മഴയും കഠിനമായ വരള്‍ച്ചയും കൂടുതലുണ്ടാകുക, സമുദ്രജലത്തിന്റെ അമ്ലത കൂടുക, തുടങ്ങിയവ. കാലാവസ്ഥാവ്യതിയാനത്തേപ്പറ്റി പഠിക്കാന്‍ നിയോഗിച്ച അന്തര്‍സര്‍ക്കാര്‍ സമിതിയുടെ (Intergovernmental Panel on Climate Change, IPCC) 2007ല്‍ പ്രസിദ്ധീകരിച്ച നാലാമത്തെ റിപ്പോര്‍ട്ടിലാണു് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയതു്.

ഇവ ലോകത്തിലെല്ലാവരെയും ബാധിക്കുന്നതാണു്. അതിനു പരിഹാരം കാണാനായാണു് ഐക്യരാഷ്ട്രസഭ ഭൗമ ഉച്ചകോടിയും ക്യോട്ടോ സമ്മേളനവും അങ്ങനെ പല സമ്മേളനങ്ങളും വിളിച്ചുചേര്‍ത്തതു്. ഈ പരമ്പരയിലെ ഒടുവിലത്തേതാണു് കഴിഞ്ഞ (2015) നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍ പാരീസില്‍ നടന്നതു്. കാലാവസ്ഥാവ്യതിയാനം ഭയാനകമായ യാഥാര്‍ത്ഥ്യമാണെന്നും അതിനെ നിയന്ത്രിക്കാനായി ശക്തമായ നടപടികള്‍ ആവശ്യമാണെന്നും ലോകത്തിലെ പ്രമുഖ രാജ്യങ്ങള്‍ ആ സമ്മേളനത്തില്‍വച്ചു തീരുമാനിച്ചു എന്നതുതന്നെ അതിന്റെ നേട്ടമായി കരുതപ്പെടുന്നു. എന്നാല്‍ ലോകത്തിന്റെ പല ഭാഗങ്ങളിലും ഉണ്ടാകാന്‍ സാധ്യതയുള്ള വന്‍ അപകടങ്ങള്‍ ഒഴിവാക്കനാവശ്യമായ നടപടികളേപ്പറ്റി സമ്മേളനത്തില്‍ തീരുമാനമുണ്ടായില്ല എന്ന പരാതി നിലനില്‍ക്കുന്നു.

കാലാവസ്ഥാവ്യതിയാനം ഒരു ആഗോളപ്രശ്നമാണു്. അതിന്റെ പരിഹാരം ആഗോളമായിത്തന്നെ ചെയ്യേണ്ടതുമാണു്. എന്നാല്‍ അക്കാരണം പറഞ്ഞു നാമെല്ലാം നിഷ്‌ക്രിയരായാല്‍ അതുണ്ടാക്കാന്‍പോകുന്ന ദുരന്തങ്ങള്‍ അനുഭവിക്കേണ്ടതും നാംതന്നെയാണെന്നു മറന്നുകൂട. ഈ വര്‍ഷത്തെ ചൂടു് അസഹനീയമാണെങ്കില്‍ ഇനി വരാനിരിക്കുന്ന വര്‍ഷങ്ങളിലെ ചൂടു് ഇതിനേക്കാള്‍ വളരെയധികമാണെന്നു് ഓര്‍മ്മിക്കണം. കഴിഞ്ഞ ഒരു ദശാബ്ദത്തിലധികമായി ആഗോളമായ ശരാശരി താപനില എല്ലാക്കാലത്തെയും ഏറ്റവും ഉയര്‍ന്നതാണെന്നു് കാലാവസ്ഥാശാസ്ത്രജ്ഞര്‍ കണക്കാക്കുന്നു. അതായതു്, ഓരോ വര്‍ഷവും അതു് പുതിയ റെക്കാഡ് സ്ഥാപിക്കുകയാണു്. അതുകൊണ്ടു് ഈ വര്‍ഷത്തെ ചൂടിനെക്കാള്‍ അധികമാകും അടുത്തവര്‍ഷത്തേതു്. അതിലുമധികമാകും അതിനടുത്ത വര്‍ഷത്തെ താപനില. ഈ വര്‍ധനവു് ഈയിടെയെങ്ങും തുടങ്ങിയതല്ല. ഈയടുത്ത കാലത്തൊന്നും നില്‍ക്കാനും പോകുന്നില്ല. വിശേഷിച്ചു് നാം നമ്മുടെ ജീവിതരീതിയില്‍ മാറ്റമൊന്നുമില്ലാതെ തുടരുമ്പോള്‍ നമുക്കു് ജീവിതംതന്നെ അസഹ്യമായിത്തീരാന്‍ പോകുകയാണു്.

മനുഷ്യരില്‍ ചിലര്‍ക്കെങ്കിലും ശീതീകരണി ഉപയോഗിച്ചോ മറ്റു സ്ഥലങ്ങളിലേക്കു താമസം മാറ്റിയോ ഒക്കെ കഴിഞ്ഞുകൂടാനായെന്നു വരാം. എന്നാല്‍ അതു് എല്ലാവര്‍ക്കും സാധ്യമാകില്ല. മൃഗങ്ങളുടെയും സസ്യങ്ങളുടെയും സ്ഥിതി അതിലും കഷ്ടമാണു്. അവയ്ക്കും ജീവിതം അസഹ്യമായി തുടങ്ങിയിരിക്കുന്നു എന്നതിനു തെളിവുകളുണ്ടു്. ചിലയിനം മത്സ്യങ്ങള്‍ ഉഷ്ണം കുറഞ്ഞ പ്രദേശങ്ങളിലേക്കു കൂട്ടത്തോടെ പലായനം ചെയ്തിരിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടു്. അതുപോലെ പര്‍വ്വതപ്രദേശങ്ങളില്‍ വളരുന്ന ചില ചെടികള്‍ കൂടുതല്‍ ഉയര്‍ന്ന പ്രദേശത്തേക്കു മാറിയതായും റിപ്പോര്‍ട്ടുകളുണ്ടു്. 1956നും 2005നുമിടയ്ക്കു് ആഗോള ശരാശരി താപനില ഓരോ പത്തുവര്‍‍ഷവും ഏതാണ്ടു് 0.13 ഡിഗ്രി വര്‍ദ്ധിക്കുന്നതായാണു് IPCC അവരുടെ നാലാമത്തെ റിപ്പോര്‍ട്ടില്‍ കണ്ടെത്തിയതു്. ഇതു് വളരെ ചെറുതായി തോന്നാം. പക്ഷെ, ഒരു മനുഷ്യായുസ്സുകൊണ്ടു് അന്തരീക്ഷം എത്ര ചൂടാകും എന്നു് ആലോചിച്ചു നോക്കൂ! 1995-2006 കാലഘട്ടത്തിലെ പതിനൊന്നു വര്‍ഷവും താപനില പുതിയ റെക്കോഡ് സ്ഥാപിക്കുകയായിരുന്നു. അതായതു്, ഉപകരണങ്ങളുപയോഗിച്ചു് താപനില അളക്കാന്‍ തുടങ്ങിയശേഷം ഇത്രയും ചൂടു് ഉണ്ടായിട്ടില്ല എന്നര്‍ത്ഥം. ഓരോ വര്‍ഷവും കഴിഞ്ഞ വര്‍ഷത്തെക്കാള്‍ കൂടുതല്‍ ചൂടാണു് കാണിക്കുന്നതു്. 1906 മുതല്‍ 2005 വരെയുള്ള നൂറു വര്‍ഷത്തില്‍ താപനില കൂടിയതിന്റെ ഇരട്ടി വേഗത്തിലാണു് 1956 മുതല്‍ 2005 വരെയുള്ള അമ്പതു വര്‍ഷക്കാലത്തു വര്‍ദ്ധിച്ചതു്.
കഴിഞ്ഞ ഒരു നൂറ്റാണ്ടിനുള്ളില്‍ ശരാശരി കടല്‍നിരപ്പു് ഒരു മീറ്ററോളം ഉയര്‍ന്നിട്ടുണ്ടു്. ഇതിനു രണ്ടു കാരണങ്ങളുണ്ടു്. ഒന്നു്, കൂടിയ ചൂടില്‍ നൂറ്റാണ്ടുകളായി കട്ടപിടിച്ച മഞ്ഞായി കിടന്നിരുന്ന ജലം ഉരുകി കടലിലേക്കു് ഒഴുകിയതു്; രണ്ടു്, ചൂടു കൂടിയതിനാല്‍ ജലത്തിന്റെ വ്യാപ്തം വര്‍ദ്ധിച്ചതു്.

ഇനി ആഗോളതാപനം കേരളത്തെ എങ്ങിനെയെല്ലാം ബാധിക്കാം, അതിനെ നേരിടാനായി നമുക്കെന്തെല്ലാം മുന്‍കൂട്ടി ചെയ്യാനാവും എന്നു പരിശോധിക്കാം. ചൂടുകൂടുന്നതു് എല്ലാ ജീവജാലങ്ങള്‍ക്കും ജീവിതം അസഹനീയമാക്കും എന്നു വ്യക്തമാണല്ലോ. ഇതു് പലവിധത്തില്‍ നമ്മെ ബാധിക്കാം. ഒന്നാമതായി നമുക്കുതന്നെ ചൂടിനെ നേരിടാന്‍ കഴിയാതാവുകയാണു്. അതിനു ജലസ്രോതസ്സുകള്‍, ജലാശയങ്ങള്‍, വൃക്ഷലതാദികള്‍ തുടങ്ങിയവ സംരക്ഷിക്കുന്നതു് സഹായിക്കും. എന്നാല്‍ നാമിന്നു ചെയ്യുന്നതു് അതിനു നേരെ വിപരീതമായ പ്രവൃത്തികളാണു്. മരങ്ങള്‍ എന്തെങ്കിലും കാരണം പറഞ്ഞു മുറിച്ചുമാറ്റാന്‍ എന്തു താല്പര്യമാണു് നമുക്കു്! പ്രായമായ മരങ്ങള്‍ മറിഞ്ഞുവീഴുന്നു, ശിഖരങ്ങള്‍ ഒടിഞ്ഞുവീണു് ആളപായമുണ്ടാകുന്നു, തുടങ്ങിയ ന്യായീകരണങ്ങള്‍ നാം കണ്ടെത്തുന്നുണ്ടു്. എന്നാല്‍ അവയെ മുറിച്ചു മാറ്റാതെ സംരക്ഷിക്കാന്‍ മാര്‍ഗമുണ്ടോ എന്നു നാം ചിന്തിച്ചോ? പ്രായമായ മരങ്ങള്‍ക്കു് താങ്ങു കൊടുത്തും വലിയ ശിഖരങ്ങള്‍ക്കു് പ്രത്യേകം താങ്ങു നല്‍കിയും സംരക്ഷിക്കാവുന്നതേയുള്ളൂ. അതുപോലെ, റോ‍ഡിനു വീതികൂട്ടണം എന്നതാണു് സാധാരണ കേള്‍ക്കുന്ന മറ്റൊരു ന്യായം. വികസനം എല്ലാവര്‍ക്കും വേണമല്ലോ! എങ്കില്‍ എന്തുകൊണ്ടു് വശത്തു നില്‍ക്കുന്ന മരങ്ങള്‍ മറ്റൊരു സ്ഥലത്തേക്കു് മാറ്റി സ്ഥാപിച്ചുകൂട? അതു സാധ്യമാണുതാനും. അല്ലെങ്കില്‍ ഒരു മരം മുറിക്കുമ്പോള്‍ എന്തുകൊണ്ടു് പുതിയതായി രണ്ടെണ്ണം നട്ടുവളര്‍ത്തിക്കൂട? നമ്മള്‍ അതേപ്പറ്റി ചിന്തിച്ചില്ല എന്നു മാത്രം. എന്നാല്‍ മുറച്ചുകഴിയുമ്പോള്‍ കുറച്ചുപേര്‍ക്കു് കുറേ ലാഭവുമുണ്ടാക്കാം എന്ന ന്യായമുണ്ടു്. മുറിച്ചു മാറ്റുന്നതിനു പകരം മരങ്ങളെ സംരക്ഷിക്കുന്നതും ഒരു ബിസിനസ്സാക്കിയാല്‍ അവര്‍ക്കും സന്തോഷമാവില്ലേ? അപ്പോള്‍ പ്രശ്നം അവിടെയല്ല. നാം ഇക്കാര്യത്തേപ്പറ്റി ചിന്തിച്ചേയില്ല എന്നതാണു് പ്രശ്നം. ഇങ്ങനെ തുടര്‍ന്നാല്‍ നമ്മുടെ മക്കള്‍ക്കു് ഈ നാട്ടില്‍ ജീവിക്കാനാവാത്ത സാഹചര്യമാണു വരുക എന്നു മനസ്സിലാക്കിയാലെങ്കിലും നാം എന്തെങ്കിലും പ്രവര്‍ത്തിച്ചു തുടങ്ങുമോ? പരിസ്ഥിതി സംരക്ഷിക്കുന്നതിനേപ്പറ്റി പറയുന്നവരെ വികസനവിരുദ്ധര്‍ എന്നു മുദ്രകുത്തി അധിക്ഷേപിക്കുകയായിരുന്നു പതിവു്. ഇപ്പോഴത്തെ അസഹനീയമായ ചൂടു കണ്ടിട്ടെങ്കിലും പരിസ്ഥിതി സംരക്ഷിക്കുന്നതിന്റെ പ്രാധാന്യം എല്ലാവരും മനസ്സിലാക്കിയെങ്കില്‍! ഇല്ലെങ്കില്‍ ജീവിതം അസാധ്യമായതിനുശേഷം നിസ്സഹായരായി മരിച്ചുവീഴാനേ കഴിയൂ. ഒരുപക്ഷെ “പ്രബുദ്ധരായ” കേരളീയരുടെ അന്ത്യം അങ്ങനെയാവാനായിരിക്കാം വിധി!

കേരളസമൂഹം എന്തെല്ലാം ചെയ്യണം കാലാവസ്ഥാവ്യതിയാനത്തെ നേരിടാന്‍? ചൂടു കൂടുമ്പോള്‍ കടല്‍നിരപ്പു് ഉയരും എന്നതിനു തര്‍ക്കമില്ല. പാരിസിലെ സമ്മേളനം തീരുമാനിച്ച നടപടികള്‍ കൈക്കൊള്ളുകയും അവ വേഗത്തില്‍ത്തന്നെ ആഗോളതലത്തില്‍ നടപ്പിലാക്കുകയും ചെയ്താലും വ്യാവസായികവിപ്ലവത്തിനു മുമ്പുണ്ടായിരുന്നതിനേക്കാള്‍ രണ്ടു ഡിഗ്രി സെല്‍ഷ്യസ് വര്‍ധനവില്‍ ഒതുക്കാനാവും എന്നാണു് പ്രതീക്ഷ. അതു് സാധ്യമായാല്‍ത്തന്നെ കടല്‍നിരപ്പു് കാര്യമായി ഉയരും. ആഗോള താപനില രണ്ടു ഡിഗ്രി ഉയര്‍ന്നാല്‍ കടല്‍നിരപ്പു് പത്തു മീറ്റര്‍ ഉയരാമെന്നാണു് കണക്കാക്കിയിരിക്കുന്നതു്. പല ദ്വീപുകളും കടലിന്നടിയിലാവും. ആലോചിച്ചുനോക്കൂ, കേരളത്തിലെ പല സ്ഥലങ്ങളും കടല്‍നിരപ്പില്‍നിന്നു് ഏതാനും മീറ്റര്‍ മാത്രമാണു് ഉയര്‍ന്നിരിക്കുന്നതു്. ആലപ്പുഴ നഗരത്തിന്റെ ശരാശരി ഉയരം ഒന്നോ ഒന്നരയോ മീറ്ററാണു്. കടല്‍നിരപ്പു് പത്തു മീറ്റര്‍ ഉയര്‍ന്നാല്‍ എന്തു സംഭവിക്കുമെന്നു് സങ്കല്പിക്കാവുന്നതേയുള്ളൂ. അതിനേക്കാള്‍ കഷ്ടമെന്തെന്നാല്‍ കടല്‍നിരപ്പു് ഒന്നോ രണ്ടോ മീറ്റര്‍ ഉയര്‍ന്നാല്‍ കടല്‍ എവിടെവരെ കയറുമെന്നുപോലും നമുക്കു് ഇപ്പോഴും അറിയില്ല എന്നതാണു്!

ചൂടുകൂടുമ്പോള്‍ കാര്‍ഷികവിളകളുടെ ഉല്പാദനക്ഷമത കുറയുമെന്നതാണു് മറ്റൊരു പ്രശ്നം. ഇപ്പോള്‍ത്തന്നെ തമിഴ്‌നാട്ടില്‍നിന്നും ആന്ധ്രയില്‍നിന്നും മറ്റും അരി കൊണ്ടുവരുന്ന നാം അതിനും വടക്കുള്ള പഞ്ചാബില്‍നിന്നോ (അതോ സൈബീരിയയില്‍നിന്നോ?) ഒക്കെ വാങ്ങേണ്ടി വരും. ചൂടിനെ ചെറുക്കാനാകുന്ന നെല്ലിനങ്ങള്‍ നാം വികസിപ്പിക്കേണ്ടിയിരുന്നു. അതും പോര. കാരണം നെല്ലിനെ മാത്രമല്ലല്ലോ ചൂടു ബാധിക്കുക! നമ്മുടെ സാമ്പത്തികസ്ഥിതിയെ പിടിച്ചുനിര്‍ത്തുന്ന റബ്ബര്‍, തേയില, കുരുമുളകു്, തുടങ്ങിയ വിളകളുടെ കാര്യത്തില്‍ നാം എന്താണു് ചെയ്യാന്‍ പോകുന്നതു്? അതുപോലെ രോഗങ്ങളുടെ കാര്യത്തിലും കാര്യമായ ആഘാതമാണു് പ്രതീക്ഷിക്കുന്നതു്. ഇങ്ങനെ എല്ലാ രംഗങ്ങളിലും വലിയ വെല്ലുവിളികള്‍ നേരിടുമ്പോഴും നാമെല്ലാം നാടിനും മനുഷ്യനും ഹാനികരമായ പ്രവര്‍ത്തനങ്ങള്‍ തുടരുകയും ആഗോളതാപനത്തേപ്പറ്റി മറന്നിട്ടു് തെരഞ്ഞെടുപ്പിന്റെ ചൂടില്‍ വൃത്തികെട്ട എന്തെല്ലാമോ കഥകളും ചമച്ചു് കഥയില്ലാത്ത കഥകളും പറഞ്ഞുകൊണ്ടു കഴിയുന്നതു് പ്രബുദ്ധരെന്നു സ്വയം പാടിപ്പുകഴ്ത്തുന്ന നമുക്കു് യോജിച്ചതല്ല. അതു നമ്മെ നാശത്തിലേക്കാണു് കൊണ്ടുപോകുന്നതു്.

Leave a comment